പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ചേര്‍ത്ത് പ്രചരണം നടത്തിയതിന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പി സരിന് ഐഎഎസ് എന്നെഴുതിയ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിനേത്തുടര്ന്നാണ് നടപടി.
അഞ്ചു കൊല്ലം മുന്‍പ് രാജിവെച്ച സരിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണ വിഭാഗം നിരീക്ഷക സംഘം കണ്ടെത്തി. പോസ്റ്ററുകളില്‍ നിന്നും ഉടന്‍ തന്നെ ഐഎഎസ് നീക്കം ചെയ്യണമെന്ന് സരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഐഎഎസ് പോസ്റ്ററുകളില്‍ ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് സരിന്റെ വിശദീകരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു.
1996 മുതല്‍ എല്‍ഡിഎഫ് കോട്ടയായ ഒറ്റപ്പാലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് സരിന് മുന്നിലുള്ളത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ കെ പ്രേംകുമാറാണ് സരിന്റെ മുഖ്യഎതിരാളി. കഴിഞ്ഞ തവണ മൂന്നാമതെത്തിയ പി വേണുഗോപാലന്‍ തന്നെ ഇത്തവണ ബിജെപിക്ക് രംഗത്തുണ്ട്.
2006ലും 2011ലും സിപിഐഎം നേതാവ് എം ഹംസയാണ് ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2016ല്‍ പി ഉണ്ണി 16,088 വോട്ടിന് ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി.