മൂവാറ്റുപുഴ: വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനര്‍ക്കായി മൂവാറ്റുപുഴയില്‍ ചെയര്മാന് ഊണ് പദ്ധതി ആരംഭിക്കുന്നു. ഒരു നേരത്തെ അന്നത്തിനായി വലയുന്ന നിര്‍ദ്ധനരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കും വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. തെരുവില്‍ അലയുന്നവര്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രയാസം നേരിടുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ നഗരത്തില്‍ എത്തി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ചെയര്മാന് ഊണ് വിശപ്പകറ്റും.
നഗരസഭാ ചെയര്മാന് പിപി എല്‍ദോസിന്റെ സ്വകാര്യ ഫണ്ടാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ചെയര്മാന് ലഭിക്കുന്ന അലവന്‍സും ഹോണറേറിയവും ഇതിനായി നീക്കി വയ്ക്കും. സന്നദ്ധരായ സുമനസ്സുകളുടെ സഹായവും പദ്ധതിയുടെ മുന്നോടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആവശ്യമായ കൂപ്പണ്‍ നഗരസഭാ ഓഫീസില്‍ നിന്ന് സൗജന്യമായി നല്‍കും.
ഈ കൂപ്പണ്‍ ഉപയോഗിച്ച് നഗരസഭാ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് ചെയര്മാന് പിപി എല്‍ദോസ് പറഞ്ഞു. ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഉച്ചഭക്ഷണ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും ചെയര്മാന് വ്യക്തമാക്കി. വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി നഗരസഭാ ഓഫീസിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷണ ശാലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതല്‍ പദ്ധതിക്ക് തുടക്കമാകും.