കോട്ടയം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തുമെന്നും പുതിയ ഡയറക്ടറെ നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു.
സംവരണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. ഉന്നത സമിതികളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീര്‍ത്തും ശരിയല്ല. അത്തരം പ്രവണതകള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കും. വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളില്‍ കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ 50 ദിവസമായി നീണ്ട വിദ്യാര്‍ഥി സമരം അവസാനിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഡയറക്ടര്‍ ശങ്കര്‍ മോഹനന് നേരത്തേ രാജിവച്ചെങ്കിലും സമരത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറിയിരുന്നില്ല. തങ്ങള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ കൂടി പരിഹരിച്ചു നല്‍കാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം. ഇന്നലെ ക്യാമ്പസില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലും ഈ തീരുമാനം തന്നെയാണ് ഉണ്ടായത്. ഇതേതുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്.
14 ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചത്. സമരത്തിന് സഹായം തന്നവര്‍ക്ക് സമരസമിതി നന്ദി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.