നൂറു ഹെക്ടര്‍ പാടശേഖരത്തില്‍ പൊക്കാളി കൃഷി ആരംഭിച്ച് വരാപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ ആകെ 172 ഹെക്ടര്‍ കൃഷി ഭൂമിയാണുള്ളത്. പരമ്പരാഗതമായി പൊക്കാളി കൃഷി നടത്തി വരുന്ന പാടശേഖരങ്ങളാണിവ.
കൃഷിക്കായി 10 ടണ്‍ പൊക്കാളി നെല്‍വിത്ത് പഞ്ചായത്ത് സംഭരിച്ച് പാടശേഖര സമിതി വഴി സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ‘ഒരു മീനും ഒരു നെല്ലും’ പദ്ധതിയുടെ ഭാഗമായാണ് പൊക്കാളി കൃഷി പഞ്ചായത്തില്‍ നടന്നു വരുന്നത്. ആറു മാസം പൊക്കാളി കൃഷി കഴിഞ്ഞാല്‍ അടുത്ത ആറു മാസം ചെമ്മീന്‍ കെട്ട് ആയി പാടശേഖരം ഉപയോഗിക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 140 തൊഴിലാളികള്‍ ഇത്തവണത്തെ കൃഷിയില്‍ പങ്കാളികളായിട്ടുണ്ട്. പല സംഘങ്ങളായാണ് ഇവര്‍ കൃഷി ചെയ്യുന്നത്. മറ്റ് പാടശേഖരങ്ങളില്‍ കര്‍ഷകര്‍ നേരിട്ടും കൃഷി ചെയ്യുന്നു. തുണ്ടത്തുംകടവ്, ചിറയ്ക്കകം, ദേവസ്വം പാടം എന്നിവിടങ്ങളിലാണു പ്രധാനമായും പഞ്ചായത്തില്‍ പൊക്കാളി കൃഷി നടക്കുന്നത്.
വിത്തുകള്‍ കൃഷി സ്ഥലത്തു തന്നെ മുളപ്പിച്ച് അവിടെത്തന്നെ നിരത്തി ഞാറു നടുന്ന ഘട്ടമാണ് പല ഭാഗങ്ങളിലും നിലവില്‍ നടക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ നെല്‍ക്കതിരുകള്‍ പാകമായി കൊയ്തെടുക്കാന്‍ കഴിയും. തുടര്‍ന്ന് വരുന്ന മാസം തന്നെ ചെമ്മീന്‍ കെട്ടും ആരംഭിക്കും. പഞ്ചായത്തും കൃഷിഭവനും പൊക്കാളി കൃഷിക്ക് പ്രത്യേക പരിഗണനയാണു നല്‍കുന്നത്.