മൂവാറ്റുപുഴ: ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്ന് ആവശ്യം. മൂവാറ്റുപുഴയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ആവശ്യം. മണ്ഡലത്തില്‍ കോവിഡ് വാക്സിന് മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കുറവാണ് ലഭിക്കുന്നത്. കൂടുതല്‍ കോവിഡ് വാക്സിന് മുവാറ്റുപുഴയില്‍ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ നഗരസഭ ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും കോണ്‍ഗ്രസ് ബ്ലോക്ക്- മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. കോവിഡ് ടെസ്റ്റ് റിസല്‍റ്റ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്കി.
കോവിഡ് 19 വ്യാപകമായിരിക്കെ കോവിഡ് പരിശോധന ഫലം ലഭിക്കാന്‍ വൈകുന്നത് തുടര്‍ ചികിത്സക്ക് തടസ്സമാവുകയാണന്നും ഇത് മൂലം രോഗം വ്യാപകമായി പടരാന്‍ സാധ്യത ഏറുകയാണന്നും ജനപ്രതിനിതികള്‍ പറഞ്ഞു. മാസ്സ് കോവിഡ് ടെസ്റ്റ് നടത്തിയ ഭൂരിഭാഗം കേസുകളിലും പരിശോധന ഫലം ലഭിക്കാത്തതും നാട്ടില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അടിയന്തിരമായി കോവിഡ് പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരിക്കുന്ന മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കും. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരടക്കമുള സഹായം അനുവദിക്കണം. കഷ്ടത അനുഭവിക്കുന്ന അര്‍ഹരായ മുഴുവന്‍ രോഗികള്‍ക്കും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേത്യത്വത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
ഡീന്‍ കുര്യക്കോസ് എംപി, ഡോ. മാത്യു കുഴല്‍ നാടന്‍, മൂവാറ്റുപുഴ നഗരസഭാ ചെയര്മാന് പിപി എല്‍ദോസ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒപി. ബേബി (മാറാടി ), ജോളിമോന് ചൂണ്ടയില്‍ (വാളകം), മാത്യൂസ് വര്‍ക്കി (പായിപ്ര), സാബു പൊതൂര്‍ (ആരക്കുഴ), ആന്‍സി ജോസ് (മഞ്ഞള്ളൂര്‍ ), ജോര്‍ജ് ഫ്രാന്‍സീസ് (കല്ലൂര്‍ക്കാട്), സുറുമി അജീഷ് (ആയവന), ഷെല്‍മി ജോണ്‍സ് (ആവോലി), സിസി ജെയ്സണ്‍ (പൈങ്ങോട്ടൂര്‍), എന്‍ എം.ജോസഫ് (പോത്താനിക്കാട്), എന്നിവര്‍ സംസാരിച്ചു.