പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ പൊട്ടിത്തെറി. ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ കൈപ്പത്തി അറ്റു. രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് ആനിക്കാട് പുന്നവേലി പിടന്നപ്ലാവ് എന്ന സ്ഥലത്തെ ചായക്കടയില്‍ സ്ഫോടനം ഉണ്ടായത്. ചായക്കടയില്‍ വന്ന വ്യക്തിയുടെ സഞ്ചിയിലെ സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്ഫോടക വസ്തുവുമായി എത്തിയ വ്യക്തി കിണറിലെ പാറ പൊട്ടിക്കുന്ന വ്യക്തിയാണ്.
ചായക്കടയില്‍ ആ സമയത്തുണ്ടായിരുന്ന ഉടമ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കാണ് പരുക്കേറ്റത്. രണ്ട് പേര് കോട്ടയം മെഡിക്കല്‍ കോളജിലും നാല് പേര് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ എത്തിയ ശേഷമാകും സ്ഫോടനത്തിലേക്ക് നയിച്ച വസ്തുവിനെ കുറിച്ചുള്ള കൃത്യമായ വിവരം പുറത്ത് വരിക.