എറണാകുളം: ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കി ജനകീയ മുഖാമുഖം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വര്‍ജന മിഷന്റെ നേതൃത്വത്തില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയന്തടം കോളനിയില്‍ നടന്ന ജനകീയ മുഖാമുഖമാണ് സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.
മുഖാമുഖത്തിനെത്തിയവര് തങ്ങളുടെ നിര്‍ദ്ദേശങ്ങളും ആശങ്കകളും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയുടെ സ്വാധീനം സമൂഹത്തില്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ ജില്ലയിലുട നീളം ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മധ്യമേഖലാ എക്സൈസ് ജോ. കമ്മീഷണര്‍ പി.കെ സനു മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്തംഗം ജോസിജോളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് രതീഷ് മോഹന്‍, ഗ്രാമപഞ്ചായത്തംഗം സെലിന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ. ഫൈസല്‍ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് ശ്രീനാഥ് ശ്രീധരന് നന്ദിയും പറഞ്ഞു.
മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ 5, 6 വാര്ഡുകളുള്പ്പടുന്ന മണിയന്തടം കോളനിയില്‍ ലഹരി മാഫിയക്കെതിരെ നിരീക്ഷണം ശക്തമാക്കാനും ജനകീയ റെയ്ഡുകള്‍ നടത്താനും കൂട്ടായ്മയില്‍ തീരുമാനമായി. ടൂറിസം ഭൂപടത്തിലിടം പിടിച്ചതോടെ ഇവിടെക്ക് അസമയങ്ങളില്‍ പോലും അപരിചിതര്‍ എത്തുകയാണെന്ന് കോളനിക്കാര്‍ പരാതിപ്പെട്ടു. ലഹരി മാഫിയക്കെതിരെ കോളനിയില്‍ എക്സൈസ് വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ വിവിധ പരിപാടികള്‍ നടത്തുമെന്ന് ജോ. കമ്മീഷണര്‍ പി.കെ സനു പറഞ്ഞു. കുടുംബശ്രീയംഗങ്ങള്‍, ജാഗ്രത സമിതിയംഗങ്ങള്‍, അങ്കണവാടി – ആശ വര്‍ക്കര്‍മാര്‍ അടക്കം നിരവധി പേര് മുഖാമുഖത്തില്‍ പങ്കെടുത്തു.