പോത്താനിക്കാട്: മുവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പോത്താനിക്കാട് പൈങ്ങോട്ടൂര്‍ ഗ്രാമം കേര കൃഷിക്ക് സാധ്യതയേറിയ പ്രദേശമാണ്. എന്നാല്‍ യഥാസമയം കോതമംഗലം ബ്ലോക്കില്‍ ഉള്‍പ്പെടുന്നതും മുവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതുമായ പഞ്ചായത്തുകളാണ് പോത്താനിക്കാട് പൈങ്ങോട്ടൂര്‍ പഞ്ചായത്തുകള്‍. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ബ്ലോക്ക് തലത്തില്‍ അനുവദിക്കുന്ന പദ്ധതികള്‍ പോത്താനിക്കാടിനും പൈങ്ങോട്ടൂരിനും നഷ്ടപെടുക സാധാരണമാണ്. ഈയൊരു സാങ്കേതികത്വം കൊണ്ട് പലപ്പോഴും നഷ്ടപ്പെട്ടിരുന്ന അവസരം ജന്മനാടായ പോത്താനിക്കാടിനും, പൈങ്ങോട്ടൂരിനും കിട്ടണമെന്ന നിര്‍ബന്ധ ബുദ്ധി കൊണ്ടാണ് സാങ്കേതികമായ പ്രശ്നങ്ങളെ മറികടന്നു മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ ശ്രമഫലമായി കേരഗ്രാമം പദ്ധതി ഈ പഞ്ചായത്തുകളിലായി അനുവദിപ്പിച്ചത്.
250 ഹെക്ടര്‍ സ്ഥലത്തെ കേരകൃഷിക്കു കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം നല്കാന് കഴിയുന്ന ബ്രഹത്തായ പദ്ധതിയാണിത്. ഒരു കോടി രൂപയോളം ഈ രണ്ട് പഞ്ചായതുകളിലുമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മുവാറ്റുപുഴ ബ്ലോക്കില്‍ അനുവദിച്ച പദ്ധതി കോതമംഗലം ബ്ലോക്കില്‍ പെടുന്ന പോത്താനിക്കാട് പൈങ്ങോട്ടൂരിലേക്ക് മാറ്റിയാണ് സാങ്കേതിക തടസങ്ങള്‍ മറികടന്ന് പദ്ധതി സാധ്യമാക്കിയത്.
കൃഷിമന്ത്രിയോട് ഈ പഞ്ചായത്തുകളിലേക്ക് പദ്ധതികള്‍ വൈകുന്നതിന്റെ സാങ്കേതികത്വം മാത്യു കുഴല്നാടന് എംഎല്‍എ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക അനുവാദ പ്രകാരവുമാണ് പദ്ധതി സാധ്യമാക്കിയത്. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം ലഭ്യമാകുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ അറിയിച്ചു. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് രണ്ട് പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായതും ജില്ലാ പഞ്ചായത്തും കൃഷി ഭവനുമായി ചേര്‍ന്നു അര്‍ഹരായ കര്‍ഷകരെ കണ്ടെത്തി ധനസഹായം ലഭ്യമാകും.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം ധനസഹായം ലഭിക്കും. പദ്ധതി കര്‍ഷകര്‍ക്ക് സഹായകം ആകുക മാത്രമല്ല കേരകൃഷിക്ക് പുതിയ ഉണര്‍വ് നല്‍കുക കൂടി ചെയ്യുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.