തിരുവനന്തപുരം: കാട്ടാക്കട കുരുതംകോട് പാലയ്ക്കലില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തമായ കാരണം കണ്ടെത്താനാകാതെ പോലീസ്. സംഭവത്തിന് പിന്നില്‍ ഭൂമിസംബന്ധമായ തര്‍ക്കമോ, പൂര്‍വ വൈരാഗ്യമോ ആകാമെന്ന സംശയത്തില്‍ പോലീസ്. അടുത്ത ബന്ധുക്കളും നാട്ടുകാരും പോലീസിനു നല്കിയ മൊഴികളില്‍ ഭൂമിയുടെയും വൈരാഗ്യത്തിന്റെയും കാര്യം പറയുന്നുണ്ടെന്ന് കാട്ടാക്കട പോലീസ് പറയുന്നു.
കുരുതംകോട് വെട്ടുവിള പുത്തന്‍വീട്ടില്‍ റീജ(45), പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ്(38) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ പ്രമോദിന്റെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയെ കട്ടിലില്‍ മരിച്ചനിലയിലും പ്രമോദ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലുമായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചശേഷം സ്വകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി ജോലിനോക്കിവരുകയായിരുന്ന റീജയും കൂലിപ്പണിക്കാരനായ പ്രമോദും കഴിഞ്ഞ രണ്ടുവര്‍ഷമായി അടുപ്പത്തിലാണ്. റീജയെ തമിഴ്നാട്ടുകാരനായ ഇവരുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ശേഷമാണ് ഇരുവരും അടുക്കുന്നത്.
പ്രദീപ് അവിവാഹിതനാണ്. അച്ഛനും അമ്മയും മരിച്ചശേഷം പ്രമോദ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ വീട്ടിലാണ് വെള്ളിയാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് റീജയുടെ മക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്.എന്നാല്‍, റീജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമോദ് ഏറെക്കാലം ജയിലില്‍ കിടന്നിരുന്നു. പിന്നാലെ ജയില്‍ മോചിതനാകുന്നതിനുവേണ്ടി അഭിഭാഷകനെ നിയോഗിച്ചതും ജാമ്യം നിന്നതുമൊക്കെ റീജ തന്നെയായിരുന്നു.
ജയിലില്‍നിന്നു പുറത്തിറങ്ങിയ പ്രമോദ് ആദ്യമൊന്നും റീജയോട് അടുപ്പം കാണിച്ചില്ല.പിന്നീട് ഒപ്പംകൂടുകയും ചെയ്തു. റീജയുമായി അടുപ്പത്തിലായിരുന്നെങ്കിലും കടുത്ത വൈരാഗ്യം വച്ചു പുലര്‍ത്തിയിരുന്നതായാണ് നാട്ടുകാരില്‍ ചിലര്‍ പോലീസിനു നല്കിയ സൂചന. ഏറെക്കാലം ജയിലില്‍ കിടത്തിയതില് കടുത്ത വിഷമവും പ്രമോദ് സുഹൃത്തുക്കളോടു പങ്കുെവച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച െഫാറന്‍സിക്, ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ എത്തി തെളിവെടുത്തു.മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം കുരുതംകോട്ട് സംസ്കരിച്ചു.