കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് വിതരണം ചെയ്തത്.
ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക്ഡൗണിലും ട്രിപ്പിള്‍ ലോക്ക്ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് വകുപ്പ്. ജില്ലയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റു വിതരണം.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ആര് ഹരികുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി എം ഫിറോസ്, പി. എസ്. മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്കുന്നു. ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ എന്നിവരും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നിലുണ്ട്.
ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) പുരുഷോത്തമനാണ് ജില്ലാ ഭരണകൂടത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നതും ഭക്ഷ്യ കിറ്റുകള്‍ ഗുണഭോക്താക്കളിലെത്തിക്കുന്നതും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ടി ജി ബിനീഷ് കുമാര്‍, അഭി സെബാസ്റ്റ്യന്‍, രാഖി ഇജി, ടികെ നാസര്‍, പ്രിയ ആര്, മേരി സുജ പിറ്റി, മുഹമ്മദ് ഷാ സിഎം, പ്രവീണ്‍ പി ശ്രീധര്‍, ജോസി ടി വി, ജയപ്രകാശ് കെഎ എന്നിവരുടെ നേതൃത്വത്തിലാണ്.