കായംകുളം എംഎല്‍എ യു. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റും പിന്‍വലിക്കലും ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലുമായെത്തിയ പ്രതിഭ ആ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെയെത്തിയ വിശദീകരണ പോസ്റ്റും പിന്‍വലിച്ചതോടെ വിഷയം രാഷ്ട്രീയം തന്നെയാണെന്നാണ് നവ മാധ്യമങ്ങളിലെ ചര്‍ച്ച. ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെയാണ് എംഎല്‍എയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലാണ് യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ ആദ്യമെത്തിയത്. ഞൊടിയിടയില്‍ ആരാണ് പൊട്ടനെന്നും ചട്ടനെന്നുമുള്ള ചോദ്യങ്ങള്‍ കമന്റ് ബോക്സില്‍ നിറഞ്ഞു. മന്ത്രി ജി. സുധാകരനെ ലക്ഷ്യമിട്ടുള്ളതെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. സുധാകരനെതിരായ പൊലീസിലെ പരാതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കമന്റുകള്‍. മറ്റുചിലര്‍ കെ.ടി. ജലീലിന്റെ രാജിയിലേക്ക് വിരല്‍ചൂണ്ടി. കമന്റുകള്‍ വിവാദങ്ങളിലേക്ക് നീങ്ങിയപ്പോള്‍ ഈ പോസ്റ്റ് അപ്രത്യക്ഷമായി.
തന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി അടുത്ത പോസ്റ്റ് തൊട്ടുപിന്നാലെയെത്തി. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിശദീകരണ പോസ്റ്റും യു. പ്രതിഭ പിന്‍വലിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചക്ക് ചൂടേറി.
ആലപ്പുഴ സിപിഎമ്മില്‍ സമീപകാലത്ത് ഉയര്‍ന്ന വിഭാഗീയതയും വിവാദങ്ങളുമാണ് പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. എംഎല്‍എയുടെ ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ മുന്‍പും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പ്രതിഭയുടെ പോസ്റ്റ് സിപിഎം നേതൃത്വം ഗൗരവത്തോടെയാകും നോക്കി കാണുക.