തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗം. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്പിച്ച തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനില്‍ക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുക.
വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.
ടെന്‍ഡറിന് അനുസരിച്ചുളള നടപടികള്‍ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ നിലപാട്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എകെ ആന്റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നെങ്കിലും സ്വകാര്യവത്ക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്റേത്.
സ്വകാര്യവത്ക്കരണം വികസനത്തിന് വഴിയൊരുക്കുമെന്ന അഭിപ്രായവുമായി പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സഹകരണമുണ്ടെങ്കിലേ അദാനിക്ക് വിമാനത്താവള നടത്തിപ്പുമായി മുന്നോട്ടുപോകാനാവു.