കേരള ബാങ്ക് ഡയറക്ടര്‍ കൂടിയായ മലമ്പുഴയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുകത എംഎല്‍എ എ. പ്രഭാകരന് കേരള ബാങ്ക് ഹെഡ് ഓഫീസില്‍ സന്ദര്‍ശനം നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ ആശംസകളോടെ വന്‍ സ്വീകരണമാണ് അദേഹത്തിന് നല്‍കിയത്.
മലമ്പുഴയില്‍ വിഎസ് അച്ചുതാനന്ദന് മത്സര രംഗത്ത് ഇല്ലാതിരുന്ന ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാന്‍ സിപിഐഎം നിയോഗിച്ചത് എ. പ്രഭാകരനെയായിരുന്നു. വിഐപി മണ്ഡലത്തില്‍ മത്സരിക്കാന്‍ നിരവധി നേതാക്കളുടെ പേര് ഉയര്‍ന്ന് വന്നെങ്കിലും ഒടുവില്‍ ആ ദൗത്യം തേടി പാര്‍ട്ടി എ. പ്രഭാകരനെ ഏല്‍പ്പിക്കുകയായിരുന്നു.
തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ന്നു മുഴങ്ങുന്ന ചുവന്ന മണ്ണാണ് മലമ്പുഴ. സി.പി.എമ്മുകാരെയല്ലാതെ മറ്റൊരു പാര്‍ട്ടിക്കാരെയും നിയമസഭയിലേക്ക് വിജയിപ്പിച്ചിട്ടില്ലാത്ത ജനങ്ങള്‍. കണ്ണൂര്‍ ജില്ലയ്ക്കു പുറത്ത് സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിത മണ്ഡലം. വി.എസ്. അച്യുതാനന്ദന്, ഇ.കെ. നായനാര്‍, ടി. ശിവദാസമേനോന് തുടങ്ങിയ നേതാക്കളുടെ സ്ഥാനാര്‍ഥിത്വത്താല്‍ എക്കാലവും മലമ്പുഴ വി.ഐ.പി. സീറ്റാണ്. സിപിഎം പരാജയ മറിഞ്ഞിട്ടില്ലാത്ത മണ്ഡലത്തിന്റെ പ്രതീക്ഷ പ്രഭാകരനെന്ന നേതാവും കാത്തു.
കേരള ബാങ്ക് ഡയറക്ടര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനം. തദ്ദേശ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തുള്ള പ്രവര്‍ത്തന മികവ്. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനടക്കമുള്ള നേതാക്കളുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുള്ള സംഘാടകന്‍. ഇക്കാലയളവില്‍ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാവുന്ന ജനസ്പന്ദനം അറിയാവുന്ന സംഘാടകന്‍. പ്രവര്‍ത്തന മികവ് കൊണ്ട് ജനങ്ങള്‍ നെഞ്ചിലേറ്റിയ നേതാവ്. ഇത്രയും മതിയായിരുന്നു വിഐപി മണ്ഡലത്തില്‍ എ. പ്രഭാകരന് നറുക്ക് വീഴാന്‍. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും വിശ്വാസം കാത്ത് ഗംഭീര വിജയം.
മണ്ഡലം രൂപീകൃതമായ 1965 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മലമ്പുഴ സി.പി.എമ്മിനൊപ്പമാണ്. കഴിഞ്ഞ നാല് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചത് വി.എസാണ്. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളാല്‍ ഇത്തവണ വിട്ടുനിന്ന വി.എസിന്റെ അഭാവത്തില്‍ സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡലത്തിലേക്ക് സി.പി.എം. എ. പ്രഭാകരനെ പരിഗണിക്കുകയായിരുന്നു. യുഡിഎഫിനായി എസ്.കെ. അനന്തകൃഷ്ണനും എന്‍ഡിഎയ്ക്കായി സി. കൃഷ്ണകുമാറുമായിരുന്നു മലമ്പുഴയില്‍ മത്സര രംഗത്തുണ്ടായിരുന്നത്.