കൊച്ചി: ഉപയോഗത്തിനായി ശുദ്ധജലം ലഭിക്കേണ്ടത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും എന്നാല്‍ ദുരുപയോഗം പാടില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ഭൂജല ഗുണനിലവാര പരിശോധനയും ജല സ്രോതസുകളുടെ പരിപാലനവും എന്ന വിഷയത്തില്‍ ജില്ലയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജല വകുപ്പും റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ലോകത്താകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഉപയോഗത്തിനായി ലഭ്യമാവുന്നുള്ളു. ജീവന്റെ ഉറവിടം വെള്ളമാണ്. കടലും കായലും ചുറ്റപ്പെട്ട എറണാകുളം ജില്ലയില്‍ ഉപ്പുവെള്ള ഭീഷണി വ്യാപകമായ സ്ഥിതി നിലവിലുണ്ട്. വെള്ളത്തില്‍ ഇ -കോളി ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ (എറണാകുളം ) കെ.യു. അബുബക്കര്‍ അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ (വയനാട് ) ഡോ. ലാല്‍ തോംസണ്‍, ഭൂജല വകുപ്പ് അനലിറ്റിക്കല്‍ ലാബിലെ എക്സിക്യൂട്ടീവ് കെമിസ്റ്റ് ഡോ. ജി.പി ബിന്ദുമോള്‍, ജൂനിയര്‍ കെമിസ്റ്റ് എം. സുരേഷ് കുമാര്‍, ഡി.ഡബ്ല്യൂ.ആര്.ഡി.എം മുന്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. മാധവന് കോമത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.