തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ എല്‍.കെ.ജി കുട്ടിയാണ് മേയര്‍ എന്ന ബി.ജെ.പി കൗണ്‍സിലര്‍ കരമന അജിത്തിന്റെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്.
ആറ്റുകാല്‍ പൊങ്കാല വിഷയത്തിന്മേലുള്ള ചര്‍ച്ചയില്‍ ബി.ജെ.പി കൗണ്‍സിലര്‍ സിമി ജ്യോതിഷിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ സുലോചനന് നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അജിത്ത് അടക്കമുള്ളവര്‍ ബഹളം വെച്ചപ്പോഴാണ് മേയര്‍ രംഗത്തെത്തിയത്.
പ്രായത്തെയും പക്വതയെയും പറ്റി പ്രതിപക്ഷം പലതവണ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും നാളിതു വരെ മറുപടി നല്‍കിയിട്ടില്ല. പക്ഷേ അക്ഷേപങ്ങള്‍ അതിരുവിട്ടതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.
നമ്മളെന്തോ ഓട് പൊളിച്ച് വന്നവരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലെ ചിലര്‍ക്കുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ നിരവധി തവണ വ്യക്തിപരമായി ആക്ഷേപിച്ചു. സമൂഹമാധ്യമങ്ങളില്‍ മോശമായ പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ തങ്ങളുടെ വീട്ടിലെ അമ്മപെങ്ങമ്മാരെ പോലെയാണ് ഈ മേയറെന്നും നിങ്ങള്‍ക്ക് ഓര്മ വരുന്നുണ്ടോ.
ഒരു സ്ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തനിക്ക് അറിയാം. അത്തരമൊരു സംവിധാനത്തിലൂടെയാണ് താന്‍ വളര്‍ന്നുവന്നതെന്ന് അഭിമാനത്തോടെ പറയുമെന്നും മേയര്‍ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ഉന്നയിച്ച ആരോപണം. നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആര്‍ക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി.. കാരണം എകെജി സെന്ററിലെ എല്‍കെജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍. എന്നായിരുന്നു കരമന അജിത്ത് ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം.