കോതമംഗലം: ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി ലക്ഷങ്ങൾ പൊതു സമൂഹത്തിന് നാശനഷ്ടം വരുത്തി വച്ച സംഭവത്തിലെ വാഹനവും വാഹന ഉടമയേയും നാളിതുവരെയായിട്ടും പിടികൂടാത്തത് ഊന്നുകൽ പോലീസിന്റെ കെടുകാര്യസ്ഥതയും കുറ്റവാളികളെ രക്ഷപെടുത്തുന്ന സമീപനവുമായി കാണേണ്ടി വരുമെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപിയും സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയും പറഞ്ഞു.
സംഭവം നടന്ന വഴിയിലുടനീളം സി.സി.ടി വി ക്യാമറകൾ ഉണ്ടായിട്ടും വാഹനത്തെക്കുറിച്ച് അറിവില്ലായെന്ന് പോലീസ് പറയുന്നത് പ്രതികളെ സഹായിക്കുന്ന സമീപനമാണ്. കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭണ്ഡാരം ഇടിച്ച് തകർത്തു. ഭണ്ഡാരത്തിന്റെ സംരക്ഷണഭിത്തിക്ക് പൊട്ടു വീഴുകയും വലിയ തുക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എതിർ ഭാഗത്തെ ചായക്കടക്കു സമീപം മുള്ള വിറക് അട്ടി ഇടിച്ച് തകർത്തു.തുടർന്ന് വാഹനം വാളാച്ചിറ മക്ക മസ്ജിദ് ന് സമീപത്തെ മംഗലത്ത് കാസിമിന്റെ ചായക്കടയും പല ചരക്ക് സ്ഥാപനത്തിന്റെയും മുൻവശം പൂർണ്ണമായി ഇടിച്ച് തെറിപ്പിച്ചിരുന്നു. ഷീറ്റുകളും തൂണുകളും പൂർണ്ണമായി തകർന്നു.ഇരുപത്തയ്യായിരത്തിന് മുകളിൽ നഷ്ടം സംഭവിച്ചിട്ടുള്ളതായി കടയുടമ പറഞ്ഞത്.തുടർന്ന് ചായക്കടയുടെ ഷീറ്റുകളും അവശിഷ്ടങ്ങളും ഇടിച്ച് തെറുപ്പിച്ച അജ്ഞാത വാഹനത്തിനു മുകളിൽ കുടുങ്ങിയത് ഒന്നര കിലോമീറ്റർ അകലെയുള്ള പല്ലാരിമംഗലം പഞ്ചായത്ത് ആഫീസിനു സമീപത്തെ പെട്രോൾ പമ്പ് ഭാഗത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി .എത്രയും പെട്ടെന്ന് അജ്ഞാത വാഹനം കണ്ടെത്തി നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട് ഊന്നുകൽ പോലീസിൽ ക്ഷേത്ര കമ്മറ്റിക്കാർ ഉൾപ്പെടെ പരാതി നൽകിയിട്ടുള്ളതാണ്. എത്രയും പെട്ടെന്ന് പൊതുസമൂഹത്തിൽ ഭീതി സൃഷ്ടിച്ച് ലക്ഷങ്ങൾ നഷ്ടം വരുത്തി വച്ച വാഹനം പിടികൂടണമെന്നാവശ്യപ്പെട്ട് ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു.