തിരുവനന്തപുരം: കോവിഡ് പ്രതിരോധം പൊതു ജനപങ്കാളിത്തത്തോട് കൂടി എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ പോലീസ് സാമൂഹ്യ മാധ്യമം വഴി വെബിനാര്‍ സംഘടിപ്പിച്ചു. കേരള സഹകരണ ടൂറിസം ദേവസ്വം മന്ത്രി ശ്രീ.കടകംപ്പള്ളി സുരേന്ദ്രന്, ലോക്സഭാംഗം ശശി തരൂര്‍ എം.പി, ജില്ലാ കളക്ടര്‍ ഡോ: നവജ്യോത് ഖോസ ഐ.എ.എസ്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ശ്രീ.സഞ്ജയ് കുമാര്‍ ഐ.പി.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു കെ.എസ്, സൈക്കോളജിസ്റ്റ് സോണിയാ നിഖില്‍, തിരുവനന്തപുരം ജില്ലയിലെ 73 ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്, ജില്ലയിലെ മുനിസിപ്പല്‍ ചെയര്മാന്മാര്, പൊതു പ്രവര്‍ത്തകര്‍ മാധ്യമ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് ഇത്തരത്തില്‍ ഒരു പൊതുജന പങ്കാളിത്തത്തോട് കൂടി ചര്‍ച്ച സഘടിപ്പിടിച്ചത്.
കോവിഡ് തലസ്ഥാന ജില്ലയെ ഉള്‍പ്പെടെ സംസ്ഥാനത്തെ പിടിച്ച് കുലുക്കയാണെന്നും എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം തുടക്കത്തില്‍ ഈ മഹാമരിക്കെതിരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കോവിഡ് വലിയ വിഷമല്ലെന്നുള്ള തോന്നലാണ് ഇപ്പോഴുള്ള ഈ ഘട്ടത്തിലെത്താന്‍ കാരണമായതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ആദ്യ ഘട്ടത്തിലെ മാതൃക വീണ്ടും നമ്മള് ഉയര്‍ത്തി പിടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തില്‍ കേരളത്തെ ലോകം മുഴുവന്‍ ചൂണ്ടിക്കാണിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചന് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ പ്രവത്തനം പ്രശംസാവഹമായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ലോക്സഭാംഗം ശശിതരൂര്‍ എം.പി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പോലീസ്- മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ജില്ലയില്‍ നടപ്പിലാക്കേണ്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഓണത്തിന് മുന്‍പ് നടപ്പിലാക്കേണ്ട പ്രവത്തനങ്ങളെക്കുറിച്ചും ജനപ്രതിനിധികളുമായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഐ.പി.എസ് ചര്‍ച്ച നടത്തി. ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനെതിരെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും വരും നാളുകളില്‍ ഈ മഹാമാരിയെ പിടിച്ച് കെട്ടുന്നതിനുള്ള നടപടികളെക്കുറിച്ചും റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന് ഐ.പി.എസ് വിശദീകരിച്ചു. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് ഉണ്ടെന്നുള്ള തരത്തിലുള്ള മുന്‍കരുതലുകള്‍ നാം കൈക്കൊള്ളേണ്ടതാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു അഭിപ്രായപ്പെട്ടു. മാസ്ക് കൃത്യമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൈക്കോളജിസ്റ്റ് സോണിയാ നിഖില്‍ വിശദീകരിച്ചു.
കോവിഡ് മഹാമാരിക്കെതിരെ പൊതുജന പങ്കാളിത്തത്തോട് കൂടിയുള്ള നിരവധി പ്രവത്തനങ്ങളാണ് തിരുവനന്തപുരം റൂറല്‍ പോലീസ് നടപ്പിലാക്കി വരുന്നത്. ഇതിന്റ ഭാഗമായി കഴിഞ്ഞ ദിവസം ഐ.ജി. അര്‍ഷിത അട്ടല്ലൂരി ഐ.പി.എസിന്റെയും ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഐ.പി.എസിന്റെയും, ജില്ലാ പോലീസ് മേധാവി ബി.അശോകന് ഐ.പി.എസ് എന്നിവരുടെയും നേതൃത്വത്തില്‍ ബ്ലൂ മൗണ്ട് സ്കൂളിലെ മൂവായിരത്തോളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഓണ്‍ലൈന്‍ സംവാദവും, I am Covid- warrior എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇന്നു നടന്ന ചര്‍ച്ചയില്‍ കോവിഡിനെതിരായുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിക്കുകയും, കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ജനകീയ കൂട്ടായ്മ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
തിരുവനന്തപുരം റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്ന വെബിനാറില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന് മോഡറേറ്റര്‍ ആയിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന് ഐ.പി.എസ് സ്വാഗതവും, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രമോദ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോട് കൂടിയാണ് വെബിനാര്‍ സംഘടിപ്പിടിച്ചത്. ചര്‍ച്ചയില്‍ ജനപ്രതിനിധികളും മറ്റും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഐ.പി.എസ് മറുപടി നല്കി.