എറണാകുളം: കടലാക്രമണം രൂക്ഷമായ ജില്ലയിലെ തീരപ്രദേശങ്ങളില്‍ അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. കടല്‍ തീരത്തിനോട് ചേര്‍ന്നുള്ള വിടവുകള്‍ നികത്തുന്നതിനായി വലിയ യന്ത്രങ്ങള്‍ എത്തിക്കുന്നതിന് സഹായം നല്‍കും. തീരപ്രദേശത്ത് ശുദ്ധജല വിതരണം ഉറപ്പാക്കും. മഴക്കാലം മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. തീരമേഖലയില്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കും.
ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ അവശ്യ സേവന വിഭാഗങ്ങളുടെ തടസ്സമില്ലാത്ത സേവനം ഉറപ്പാക്കും. ആംബുലന്‍സുകള്‍ ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ എന്നിവയുടെ സുഗമമായ യാത്ര ഉറപ്പാക്കും. ഓക്സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലിക്കായുള്ള തൊഴിലാളികള്‍ക്ക് യാത്രാനുമതി നല്‍കും. പാല് വിതരണത്തിലെ തടസങ്ങള്‍ നീക്കുന്നതിനായി മില്‍മ ബൂത്തുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വൈകീട്ട് 5 മണിവരെ പാല് സംഭരണത്തിന് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏഴ് ദിവസം കൂടുമ്പോള്‍ കോവിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഏഴ് ദിവസ കാലാവധിയില്‍ ആന്റിജന്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സേവനം നടത്താം. നഗര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വീടുകള്‍ക്ക് ഭീഷണിയാകുന്ന മരങ്ങള്‍ മുറിക്കുന്നതിന് യോഗത്തില്‍ നിര്‍ദേശം നല്കി.
അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയില്‍ 20-ാം തീയതിയോടെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ കൂടുതല്‍ ഓക്സിജന്‍ കിടക്കകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തടസമില്ലാത്ത ഒക്സിജന്‍ ലഭ്യത ഉറപ്പാക്കുന്ന ചികിത്സാ കേന്ദ്രം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. കൂടുതല്‍ സിലിണ്ടറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് സാമുദ്രികയിലെ ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അവശ്യ വസ്തുക്കളുടെ വില്പനയ്ക്കായി ഹോം ഡെലിവറി സംവിധാനം എല്ലാ ദിവസവും ഉപയോഗിക്കാം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, പോലീസ്, ആരോഗ്യവകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.