പെരിയാര്‍ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നല്കിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാല്‍ മുറിച്ചു കടക്കാന്‍ പാലം നിര്‍മ്മിച്ചു നല്കാന് അദാലത്തില്‍ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത നബീസയെ തോളില്‍ എടുത്ത് അടുത്ത വീട്ടിലെ പാലത്തിലൂടെയാണ് ഇപ്പോള്‍ കനാല്‍ മുറിച്ചു കടന്നിരുന്നത്. വീടിനു മുന്നില്‍ പാലം നിര്‍മ്മിച്ചു നല്കിയാല് വീല്‍ ചെയറില്‍ തനിയെ വീട്ടിലേക്ക് കയറാനും ഇറങ്ങാനും കഴിയുമെന്നും പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നബീസയുടെ അപേക്ഷ.
നബീസയുടെ അപേക്ഷ പരിഗണിച്ച മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വീല്‍ചെയര്‍ പോകാന്‍ കഴിയുന്ന വിധത്തില്‍ നബീസയുടെ വീടിനു മുന്നില്‍ പാലം നിര്‍മ്മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പെരിയാര്‍ വാലി പദ്ധതി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി. ഇന്നു തന്നെ നേരിട്ട് പോയി സ്ഥലം സന്ദര്‍ശിക്കാനും ഒരു മാസത്തിനകം പാലം നിര്‍മ്മിച്ചു നല്‍കാനുമാണ് മന്ത്രി നിര്‍ദേശിച്ചത്.
നബീസയും സഹോദരി സെല്‍മയും പ്രായമായ ഉമ്മയുമാണ് വീട്ടിലുള്ളത്. സമീപത്ത് താമസിക്കുന്ന സഹോദരനാണ് നബീസയെ എടുത്ത് കനാല്‍ മുറിച്ച് കടക്കുന്നത്. 40 വയസുള്ള നബീസയ്ക്ക് 15,000 രൂപ ചികിത്സാ സഹായവും അദാലത്തില്‍ അനുവദിച്ചു.