വളര്‍ത്തു മകളായ പതിനാല് കാരിയുടെ കൊലപാതകത്തില്‍ കുറ്റാരോപിതരായി മാസങ്ങളോളം നരകയാതന അനുഭവിച്ച ഒരച്ഛനും അമ്മയുമുണ്ട് തിരുവനന്തപുരം കോവളത്ത്. പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്ന ഇവര്‍ ഒരു വര്‍ഷത്തോളമായി അനുഭവിക്കുന്നത് സമാനതകളില്ലാത്ത ഒറ്റപ്പെടലാണ്. വെള്ളിയാഴ്ച്ച കോവളത്ത് അയല്‍വാസിയെ കൊലപ്പെടുത്തിയ അമ്മയും മകനും പിടിയിലായതോടെയാണ് ഒരു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നതും, ഇവരുടെ നിരപരാധിത്വം തെളിയുന്നതും.
കോവളം സ്വദേശികളായ ആനന്ദന് ചെട്ട്യാരുടെയും ഗീതയുടേയും വളര്‍ത്തു മകള്‍ (14) കൊല്ലപ്പെടുന്നത് ഒരു വര്‍ഷം മുമ്പാണ്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ ഈ വൃദ്ധ ദമ്പതികള്‍ തന്നെ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായി പിന്നീട് പൊലീസ്. ദിവസങ്ങള്‍ നീണ്ട പൊലീസിന്റെ പീഡനം.
‘കാലിന്റെ വെള്ളയിലൊക്കെ അടിച്ചു. കുറേ ദിവസത്തേക്ക് നടക്കാന്‍ പോലും പറ്റിയില്ല. അവര്‍ എന്തൊക്കെയോ പറയുന്നു. ഞാന്‍ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു’- ആനന്ദന് ചെട്ട്യാര് പറയുന്നു.
ലോക്കപ്പിലെ ക്രൂര മര്‍ദ്ദനം സഹിക്കാനാവാതെ കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്നു ഈ അച്ഛനും അമ്മയ്ക്കും. ‘നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍, നിങ്ങളുടെ അണ്ണനേയും മക്കളേയുമെല്ലാം അകത്താക്കുമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ആരെയും അകത്താക്കണ്ട സാറെ. എന്നെ അകത്താക്കിയാ മതി. ഞാന്‍ ഏറ്റെടുത്തോളം. എന്റെ പിള്ളയെ ഞാന്‍ തന്നെ കൊന്നു സാറെ..ഇങ്ങനെയാണ് ഞാന്‍ പറഞ്ഞത്’- ഗീത പറയുന്നു.
മകളെ കൊലപ്പെടുത്തിയവര്‍ എന്ന് പോലീസും മാധ്യമങ്ങളും ആവര്‍ത്തിച്ച് പറഞ്ഞതോടെ അയല്‍ വാസികള്‍ പോലും ഒറ്റപ്പെടുത്തി. ജോലിക്ക് പോലും ആരും വിളിക്കാന്‍ തയ്യാറായില്ല. മകളെ നഷ്ടപ്പെട്ട വേദനയ്ക്കൊപ്പം കൊലപാതകികളെന്ന വിളി മാനസീകമായും ശാരീരികമായും ഇരുവരെയും തളര്‍ത്തി. ഇതിനിടയില്‍ ഗീത ക്യാന്‍സര്‍ ബാധിതയായി.
സംഭവം നടന്ന് ഒരു വര്‍ഷത്തിനിപ്പുറമാണ് കേസിലെ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. തിരുവനന്തപുരം വിഴിഞ്ഞത് അയല്‍ വാസിയായ വയോധികയെ കൊലപ്പെടുത്തിയ റഫീഖയും മകന് ഷഫീഖും ചേര്‍ന്നാണ് ഒല്ലൂരിലെ പതിനാലുകാരിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി.
ഒരു വര്‍ഷത്തിനിപ്പുറം യഥാര്‍ത്ഥ സത്യം പുറത്ത് വന്നെങ്കിലും ഇക്കാലമത്രെയും തങ്ങള്‍ അനുഭവിച്ചതിനൊക്കെ ആരു മറുപടി പറയും എന്നാണ് ആനന്ദന് ചെട്ട്യാരുടെയും ഗീതയുടേയും ചോദ്യം.