മൂവാറ്റുപുഴ: ശബരിമല തീര്‍ഥാടനം ആരംഭിച്ചിട്ടും മൂവാറ്റുപുഴയിലെ പ്രധാന റോഡുകള്‍ നവീകരിക്കാത്തത് എം.എല്‍.എയുടെ പിടിപ്പുകേടാണെന്ന് മുന്‍ എം.എല്‍എ എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ഭക്തര്‍ യാത്ര ചെയ്ത് പോകുന്ന വെള്ളൂര്‍ക്കുന്നം – തൃക്കളത്തൂര്‍ എം.സി റോഡ്, തൊടുപുഴ-പുനലൂര്‍ റോഡ്, മൂവാറ്റുപുഴ നഗര റോഡ് എന്നിവ തകര്‍ന്നു.
കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ ഭരണകാലയളവില്‍ ശബരി പാക്കേജില്‍ നിന്ന് മൂവാറ്റുപുഴ – പെരുമ്പാവൂര്‍ എം.സി റോഡ് നവീകരണത്തിന് 15 കോടി രൂപയും തൊടുപുഴ – മൂവാറ്റുപുഴ റോഡിന് 2019- 2020-ല്‍ 10 കോടി രൂപയും അനുവദിപ്പിച്ച് ബി.സി. ഓവര്‍ലെ വര്‍ക്ക് നടത്തിയിരുന്നു. ശബരി തീര്‍ഥാടകര്‍ യാത്ര ചെയ്യുന്ന മേമടങ്ങ്-തോട്ടക്കര റോഡിന്- 250 ലക്ഷം രൂപയും , തോട്ടക്കര – മാറിക റോഡിന് ബജറ്റ് വഴി 200 ലക്ഷം രൂപയും അനുവദിച്ച് നിര്‍മ്മാണം നടത്തിയത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. നഗര റോഡ് വികസനത്തിന് ആവശ്യമായ ഭൂമി 85% ഏറ്റെടുത്തതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. റോഡിന്റെ നിര്‍മ്മാണത്തിനും യൂട്ടി ലിറ്റി ഷിഫ്റ്റിങ്ങിനുമായി 32 കോടി രൂപ അനുവദിച്ചത് 2019 ലാണ്. നഗരത്തിലെ ഗതാഗതപ്രശ്നത്തിന് 25% പരിഹാരം ആകുന്ന പദ്ധതി അധികാരികളുടെ അലംഭാവം മൂലം അവതാളത്തിലാണ്.
വെള്ളൂര്‍കുന്നം-മുതല്‍ പി.ഒ കവല വരെ രണ്ടര കി.മി. റോഡ് ദുരിത വഴിയായി മാറി. ഇരു ചക്ര വാഹന യാത്ര പോലും ബുദ്ധിമുട്ടേറിയതായി മാറി. നഗരത്തോട് ചേര്‍ന്നുള്ള നഗരപ്രവേശന വഴികള്‍ തകര്‍ന്നിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. എം.എല്‍.എയുടെ നിസംഗത വെടിഞ്ഞ് റോഡ് ഗതാഗതം സുഗമമാക്കാന്‍ അടിയന്തരമായി ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.