തൊടുപുഴ: എക്സൈസ് വാഹന പരിശോധനയില്‍ സിനിമാനടനും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍. മിനി സ്ക്രീന്‍, ചലച്ചിത്ര നടന് പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ പി.എസ്.ഫരീദുദ്ദീന്‍ (31), വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോന് (24) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്.
വാഗമണ്‍ റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ, ഇവര്‍ സഞ്ചരിച്ച കര്‍ണാടക റജിസ്ട്രേഷന് കാറില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യില്‍നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ലഹരിമരുന്നുമായി നടന് പരീക്കുട്ടിയും ജിസ്മോനും യാത്രചെയ്ത കാറില്‍ പിറ്റ്ബുള്‍ ഇനത്തിലുള്ള നായയും ഇതിന്റെ കുഞ്ഞും ഉണ്ടായിരുന്നു. പിറ്റ്ബുള്‍ നായ വാഹനത്തിലുണ്ടായിരുന്നതിനാല്‍ ഏറെ സാഹസികമായാണ് എക്സൈസ് സംഘത്തിന് ഇവരെ പിടികൂടാനായത്. പിന്നീട് കാറും കസ്റ്റഡിയിലെടുത്തു.പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
എക്സൈസ് റേഞ്ച് ഓഫിസര്‍ കെ.അഭിലാഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സാവിച്ചന്‍ മാത്യു, പ്രിവന്റീവ് ഓഫിസര്‍മാരായ വി.ആര്.രാജേഷ്, പി.ആര്.അനുരാജ, എ.എല്‍.സുബൈര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ചാള്‍സ് എഡ്വിന്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ എം.ടി.ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പരീക്കുട്ടി പെരുമ്പാവൂര്‍’ എന്ന പേരിലാണ് നടനും ഗായകനുമായ പരീക്കുട്ടി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ടിക് ടോകില്‍ പാട്ടുകള്‍ പാടിയാണ് പരീക്കുട്ടി ശ്രദ്ധനേടിയത്. പിന്നീട് ഒമര്‍ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമ ഹിറ്റായതോടെ പരീക്കുട്ടി മുത്തലിബ് എന്ന കഥാപാത്രവും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടി. ഒമര്‍ലുലുവിന്റെ തന്നെ മറ്റൊരു ചിത്രമായ ‘അഡാര്‍ ലൗ’വിലും പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ‘പട്ടിക്കാട് ഫിറോസ്’ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ പരീക്കുട്ടി അവതരിപ്പിച്ചത്. മലയാളം റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ലെ മത്സരാര്‍ഥിയായിരുന്നു. ഗാനമേളകളിലും സജീവമായിരുന്നു.