കോഴിക്കോട്: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകള്‍ പിന്നീട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അന്തര്‍ ജില്ലാ സര്‍വീസുകളും പതിവുപോലെ നടക്കുന്നുണ്ട്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പാല്, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ നേരത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അറിയിച്ചിരുന്നു.