കൊല്ലം കുന്നത്തൂരില്‍ ആയുര്‍വേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു. നെല്ലിമുഗള്‍ സ്വദേശി ഡോ. ലിബിനു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഡോക്ടറുടെ വലതുകൈപ്പത്തിക്ക് പരുക്കേറ്റു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.
അതേസമയം, തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നല്‍സ് പദ്ധതിയുമായി പാലക്കാട് നഗരസഭ രംഗത്തു വന്നു. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏല്‍പ്പിച്ച് ഇവര്‍ക്ക് നിശ്ചിത തുക നല്കുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നല്‍സ് എന്ന ആശയം നടപ്പാക്കുന്നത്.
വന്ധ്യംകരണ പദ്ധതി നടപ്പാക്കുമ്പോഴും പൊതുനിരത്തുകളില്‍ തെരുവ് നായകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടര്‍ന്ന് പോരുന്ന രീതി. ഘട്ടം ഘട്ടമായുളള എണ്ണക്കുറവേ ഇതിലൂടെ ഉണ്ടാകൂ. ഈ പ്രതിസന്ധി മറികടക്കാനാണ് പ്രൈവറ്റ് കെന്നല്‍സ് എന്ന ആശയവുമായി പാലക്കാട് നഗരസഭ രംഗത്തെത്തുന്നത്.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കാഞ്ഞങ്ങാട് നഗരസഭയും അനുമതി തേടിയിരുന്നു. വിഷയത്തില്‍ സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോടതിയില്‍ നഗരസഭ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും.