എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയ പരിധി നീട്ടി. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും അവര്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടന്നും പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഏപ്രില്‍ 23ന്് മുമ്പായി ചികിത്സാ സഹായം ആവശ്യമുള്ള പുതിയ ആളുകള്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. പഴയ ആശുപത്രികള്‍ മാറിയവര്‍ പുതുക്കിയ അപേക്ഷകള്‍ നല്‍കണം.
പദ്ധതിയുടെ ആനുകൂല്ല്യത്തിനായി അപേക്ഷ അതാത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നല്‍കേണ്ടത്. പാലിയേറ്റീവ് കെയര്‍ നഴ്സ് അല്ലെങ്കില്‍ ആശാ വര്‍ക്കര്‍ മുഖേന പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്ന രേഖയും, ചികിത്സാരേഖകളും പഞ്ചായത്തില്‍് സ്ഥിരതാമസക്കാരനാണന്നു തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. ഇത് സംമ്പന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതുപ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.
പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സാ സഹായമായി വര്‍ഷം 48000 രൂപക്കാണ് അര്‍ഹതയുള്ളത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം എണ്ണൂറോളം രോഗികള്‍ക്കാണ് പദ്ധതി പ്രകാരം സഹായം ലഭിച്ചത്.