തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കവാടത്തിന് മുകളില്‍ കയറി തൊഴിലാളികള്‍ ആത്മഹത്യഭീഷണി മുഴക്കി. പെട്രോളുകളും കൊടിതോരണങ്ങളുമായാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയത്. ശുചീകരണ തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12-ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുകിട്ടണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
കവാടത്തിന് മുകളില്‍ കയറിയ പ്രതിഷേധിച്ച നാല് ശുചീകരണ തൊഴിലാളികളെ അഗ്നിശമന സേനയും പോലീസും അനുനയിപ്പിച്ച് താഴെയിറക്കി സ്റ്റേഷനിലേയ്ക്ക് മാറ്റി. നഗരസഭയ്ക്ക് മുന്നില്‍ കുടില്‍കെട്ടി പ്രതിഷേധിച്ചിരുന്ന തൊഴിലാളികള്‍ മുദ്രാവാക്യം വിളികളുമായി അകത്തുകയറിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
13 വര്‍ഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ നഗരസഭയുടെ ജീവനക്കാരല്ല. നഗരസഭയുടെ ജീവനക്കാര്‍ അല്ലാത്തവര്‍ മാലിന്യം ശേഖരിക്കേണ്ടെന്ന തീരുമാനത്തിന് പിന്നാലെയാണ് ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇവര്‍ മാലിന്യം ശേഖരിച്ച് വില്‍ക്കുന്നതിന് പകരം തോടുകളിലും മറ്റും തള്ളുന്നുവെന്നാണ് നഗരസഭ പറയുന്നത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ ലഭിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തങ്ങളെ ഹരിതകര്‍മസേനയുടെ ഭാഗമാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ പിന്തുണയിലാണ് സമരം. കഴിഞ്ഞ മാസവും ആത്മഹത്യ ഭീഷണിമുഴക്കിക്കൊണ്ട് തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. അന്ന് മരത്തിന് മുകളില്‍ കയറിയാണ് ഇവര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.