കാസര്‍കോട്: കാസര്‍കോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് കറന്റ് കമ്പിയില്‍ മുട്ടിയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ദേശിയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി. കുരുക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന് ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്തൊട്ടി, നെല്ലിക്കമ്പോയില് എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്: പരേതനായ അഗസ്റ്റിന്. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്, ബിന്റോ അഗസ്റ്റിന്.