ആരോഗ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്കാരം എറണാകുളം ജില്ലാ പഞ്ചായത്തിനും. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ് എറണാകുളത്തിന് ലഭിച്ചത്. ആര്‍ദ്ര കേരളം പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് തദ്ദേശ വകുപ്പു മന്ത്രി എം വി ഗോവിന്ദന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവരില്‍ നിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി ഡിമ്പിള്‍ മാഗി, മുന്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുമായ അജി ഫ്രാന്‍സീസ്, ജില്ലാ പഞ്ചായത്ത് അംഗം ഷാരോണ്‍ പനക്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടത്തുന്ന രോഗീസൗഹൃദ പദ്ധതികള്‍, ചെലവഴിച്ച തുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മലിനീകരണ നിയന്ത്രണം, ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു പുരസ്കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലാ പഞ്ചായത്തിന് 3 ലക്ഷം രൂപയും ഫലകവുമാണ് ലഭിച്ചത്.
അടിസ്ഥാന സൗകര്യ വികസനം, കോവിഡ് പ്രതിരോധം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഹീമോഫിലിയ രോഗികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍, എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ എന്നിവയാണ് ജില്ലാ പഞ്ചായത്തിനെ പുരസ്കാര നേട്ടത്തിലേക്ക് എത്തിച്ചത്.
ആലുവ ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുന്ന ജറിയാട്രിക് കേന്ദ്രത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കായത്. കോവിഡ് ബാധിതര്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന് കാരണമായി. ആലുവ ജില്ലാ ആശുപത്രിയില്‍ ഹീമോഫിലിയ രോഗികള്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അക്വാട്ടിക് തെറാപ്പിക്കായി സ്വിമ്മിംഗ് പൂള്, നൂതന ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ എന്നീ സേവനങ്ങള്‍ സൗജന്യമായി ഒരുക്കാനും ജില്ലാ പഞ്ചായത്തിന് സാധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. അടുത്ത വര്‍ഷം മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യം. ജില്ലയിലെ സാദാരണ ജനവിഭാഗത്തിന്റെ ആരോഗ്യ പരിപാലനത്തിനുള്ള വിവിധ പദ്ധതികളിലാണ് ജില്ലാ പഞ്ചായത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് വൈസ് പ്രസിഡന്റ് ഷൈനി ജോര്ജ്യം ആരോഗ്യ ഉപസമിതി ചെയര്മാന് എംജെ. ജോമിയും പറഞ്ഞു.