ജീവന്റെ അവസാന തുടിപ്പു വരെ ചെങ്കൊടിയേന്തി നിന്ന സ. പി.പി. എസ്തോസിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഗോപി കോട്ടമുറിക്കല്‍. അന്നത്തെ ജൂണ്‍ 16 ഒരു കള്ളനെപ്പോലെയാണ് കടന്നു വന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്ന വരെ ഓരോരുത്തരെയായി അവന് സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തോടെ ഉച്ചകഴിയും വരെ കാത്തു നിന്നതായി ഗാപി കോട്ടമുറിക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാലഞ്ചു ദശാബ്ദങ്ങള്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നിരന്തരമായി പ്രവര്‍ത്തിച്ച സ.പി.പി.എസ് തോസിന്റെ അവസാന നിമിഷങ്ങളാണ് ഗോപി കോട്ടമുറിക്കല്‍ പങ്ക് വെച്ചിരിക്കുന്നത്.
ഗോപി കോട്ടമുറിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പുഴയൊഴുകുന്ന ശബ്ദം!
അന്നത്തെ ജൂണ്‍ 16 ഒരു കള്ളനെപ്പോലെയാണ് കടന്നു വന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്ന വരെ ഓരോരുത്തരെയായി അവന് സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ ഉച്ചകഴിയും വരെ കാത്തു നിന്നിരുന്നു.
അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ് തോസിനെ തട്ടിയെടുത്തു കൊണ്ടുപോയ ആ ജൂണ്‍ 16.
അന്നത്തെ ദിവസം സ.എ.പി.വര്‍ക്കി പങ്കെടുത്തു കൂടിയ ഏരിയാകമ്മിറ്റി യോഗം നടക്കുകയായിരുന്നു. പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയോഗങ്ങള്‍ മിക്കവാറും മൂവാറ്റുപുഴയിലെ ഹോട്ടല്‍ ജനതയുടെ 57-ാം നമ്പര്‍ മുറിയിലായിരുന്നു കൂടാറുണ്ടായിരുന്നത്.
എറണാകുളത്തു നടക്കുന്ന പാര്‍ട്ടി ജില്ലാസമ്മേളനം വിജയിപ്പിക്കുവാന്‍ മൂവാറ്റുപുഴയിലെന്തൊക്കെ ചെയ്തുവെന്നതിന്റെ പരിശോധനയാണ്. എപി വരുന്നതിനാല്‍ ആരും ആബ്സന്റല്ല.
ഇതിനു രണ്ടുമൂന്നു മാസങ്ങള്‍ക്കു മുമ്പ് സ.എസ്തോസിന് അത്യന്തം ഗൗരവമേറിയ ഒരു ഹൃദയാഘാതം സംഭവിച്ചിരുന്നു. ഒറ്റ മിനിട്ടും പാഴാക്കാതെ അന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. ഒരു സംഘം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ തീവ്രപരിശ്രമം വഴിയാണ് അന്ന് ജീവന് തിരിച്ചുകിട്ടിയത്.
ആഴ്ചകള്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷം ഡിസ്ചാര്‍ജ്ജായി പോരുമ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു.
‘അലഞ്ഞുതിരിഞ്ഞൊള്ള വര്‍ക്കൊന്നും കുറേ നാളത്തേയ്ക്കു വേണ്ട. പ്രസംഗ പരിപാടി ഒട്ടും വേണ്ട. മനസ്സിന് ടെന്‍ഷനോ പ്രയാസമോ ഉണ്ടാക്കുന്ന ഒന്നിലും തല്ക്കാലം ചെന്നുചാടരുത്.’
യാത്രപറഞ്ഞ് മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ചീഫ് കാര്‍ഡിയോളജിസ്റ്റ് തന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇത്. വീട്ടിലെത്തി കുറേ ആഴ്ചകള്‍ കര്‍ക്കശമായി ഇതുപാലിച്ചു. ഒന്നുരണ്ടു തവണ കോട്ടയത്ത് വീണ്ടും ചെക്കപ്പിനും പോയിരുന്നു.
‘ജില്ലാസമ്മേളനത്തിന്റെ കാര്യമല്ലെ ! കൊറച്ചു സമയം ഇവ്ടെ വന്നിരിയ്ക്കാന്‍ എസ്തോസിനോടു പറ’. മീറ്റിംഗ് ആരംഭിയ്ക്കും മുമ്പെ എപി നല്കിയ ഈ നിര്‍ദ്ദേശത്തെ മാനിച്ചാണ് എസ്തോസിനെ കൊണ്ടുവരാന്‍ ആളുപോയത്.
എല്ലാവര്ക്കും സന്തോഷമായി.
എപി അങ്ങിനെയായിരുന്നു. ഓരോ പാര്‍ട്ടി സഖാവിന്റെയും കഴിവും പോരായ്മകളും പ്രത്യേകം തിരിച്ചറിഞ്ഞ് അവരെ എന്തെന്തു ചുമതലകള്‍ ഏല്പിയ്ക്കാമെന്ന് ഗൃഹപാഠം ചെയ്യുന്ന കാരണവര്‍. ആരെയും ഒന്നിന്റെ പേരിലും അകറ്റി നിര്‍ത്താറില്ല.
എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ വില കല്പിച്ചിരുന്നു. നടക്കുന്നതു നടക്കട്ടെ എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. കമ്മിറ്റി വളരെ സമയമെടുത്ത് ചര്‍ച്ച നടത്തും. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കും. അങ്ങിനെ കൂട്ടായി ചര്‍ച്ച ചെയ്തു കൈക്കൊള്ളുന്ന ഏതു തീരുമാനവും നടപ്പിലാക്കിയേ മതിയാവൂ എന്ന നിര്‍ബന്ധബുദ്ധിക്കാരന്‍. ചര്‍ച്ച മാത്രം പോരാ എടുത്ത തീരുമാനം നടപ്പിലാക്കുമ്പോള്‍ ഓരോ സഖാവും വ്യക്തിപരമായി തന്റേതായ പങ്കുവഹിച്ചേ മതിയാവു എന്ന കര്‍ക്കശക്കാരന്‍.
ജില്ലാസമ്മേളനം സംബന്ധിച്ച് ഓരോ പാര്‍ട്ടി ഘടകവും എന്തെന്തു പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തി എന്നു മിക്കവാറും പേര് പറഞ്ഞുകഴിഞ്ഞു. സ.ടി.കെ. ബാലകൃഷ്ണന് നായര്‍ (മണി) വിശദമായി റിപ്പോര്‍ട്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചര്‍ച്ച നടത്തുമ്പോള്‍ വളരെ മൂര്‍ച്ചയേറിയ വാക്കുകള്‍ പ്രയോഗിക്കുന്ന ആളായിരുന്നു സ.മണിയന് പിള്ള. കമ്മിറ്റി യോഗങ്ങളില്‍ ആരെക്കുറിച്ചാണെങ്കിലും നിര്‍ഭയമായി അഭിപ്രായം പറയുകയും അതിന്റെ പേരില്‍ ആരോടും വ്യക്തിപരമായ വിരോധം ഉള്ളില്‍ സൂക്ഷിക്കാത്ത പ്രത്യേകതയാര്‍ന്ന ശീലവും സ. മണിയ്ക്കുണ്ടായിരുന്നു.
സ.മണിയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് ലേശം പരുങ്ങലോടെ ഞാനെഴുന്നേറ്റു.
‘എന്താ കാര്യം’? എപിയുടെ ചോദ്യം.
‘കീഴില്ലത്ത് ഡിവൈഎഫ്ഐയുടെ ഒരു പൊതുയോഗം. രണ്ടാഴ്ച മുമ്പെ ഞാനേറ്റതാണ്.’
‘പാര്‍ട്ടികമ്മിറ്റിയുടെ വിവരം വന്നപ്പോള്‍ മാറ്റിവയ്ക്കാന്‍ പറയാമ്മേലാരുന്നോ ‘?
എപിയുടെ കടുപ്പിച്ചുള്ള ചോദ്യം.
‘അവരു നോട്ടീസടിച്ചു പോയി. ഞാന്‍ വിവരം പറഞ്ഞു. അവര്‍ക്കു വേറെ ആരേം കിട്ടീല്ലെന്ന് ഇന്നലെ വീണ്ടും വിളിച്ചുപറഞ്ഞു.’
വളരെ വിനീതനായി ഞാനെല്ലാവരേയും നോക്കി.
‘ഗോപി റിപ്പോര്‍ട്ട് ചെയ്തല്ലോ. അയാള്‍ മീറ്റിംഗിന് പോട്ടെ’. സ.എസ്തോസ് പറഞ്ഞതോടെ സംഗതി തീരുമാനമായി.
ഇടിമിന്നലോടെ മഴപെയ്യാനുള്ള ഒരുക്കം. അന്തരീക്ഷത്തില്‍ പകല്‍ മാഞ്ഞു. നേരിയ തോതില്‍ മഴയാരംഭിച്ചു.
കിഴില്ലം വഴി പെരുമ്പാവൂര്‍ക്കുള്ള ഒരു ബസ്സുപോയി. ചവിട്ടുപടിയില്‍ വരെ ആളുതൂങ്ങിക്കിടക്കുന്നു. അടുത്ത ബസ്സില്പോകാം. ഞാന്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നു. ജനതാ ലോഡ്ജില്‍ നിന്നും പ്യാരി സ്റ്റുഡിയോയുടെ മുന്നിലൂടെ മെയിന്റോഡിനെ ബന്ധപ്പെടുത്തുന്ന ഒരു ചെറിയ വഴിയുണ്ട്. അതുവന്നു ചേരുന്നയിടത്തിന് തൊട്ടടുത്തായി ഉഷാപിള്ളയുടെ പൊകലക്കടയുണ്ട് അതിനുമുന്നിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ്സു കാത്തിനില്പായിട്ട് അരമണിക്കൂറോളം ആയിട്ടുണ്ട്.
ചന്നംപിന്നം മഴ പെയ്തുകൊണ്ടേയിരുന്നു. പെട്ടെന്നാണ് താഴെയുള്ള ചെറിയറോഡില്‍ നിന്നും തുടരെ ഹോണടിച്ച് ലൈറ്റിട്ട് 5507 അമ്പാസിഡര്‍ കാര്‍ പാഞ്ഞുവന്നു വലത്തോട്ടു തിരിഞ്ഞു. ഞാന്‍ നെഞ്ചിടിപ്പോടെ വണ്ടിയ്ക്കകത്തേക്കു പാളിനോക്കി.
സ.എസ്തോസ് ആരുടെയോ തോളിലേയ്ക്കു ചാഞ്ഞുകിടക്കുന്നു. അതിനു പിന്നാലെ തൊട്ടുചേര്‍ന്നു ഒരു ജീപ്പും ലൈറ്റിട്ടുകേറി വന്നു. രണ്ടുമൂന്നു സഖാക്കള്‍. ഡ്രൈവര്‍ എന്നെക്കണ്ട് വണ്ടി ബ്രേയ്ക്കിട്ടു നിര്‍ത്തി.
‘കേറ്’
ഞാന്‍ പിന്നിലെ ചവിട്ടുപടി വഴി ചാടി അകത്തുകേറി.
വണ്ടി പറക്കുകയായിരുന്നു.
ആകെ ഒരു വിറയല്‍ ! വല്ലാത്ത സംഭ്രമം
മൂന്നോ നാലോ മിനിട്ടെടുത്തു കാണും. വണ്ടി മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രി കോമ്പൗണ്ടിലെത്തി.
എസ്തോസിനെ വാരിക്കൂട്ടിയെടുത്ത് കട്ടിലില്‍ കിടത്തി. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഓടിയെത്തി വട്ടമിട്ടു നിന്നു.
ഡോക്ടര്‍ പരിശോധന പൂര്‍ത്തിയാക്കി ആകെ ഒന്നു നോക്കി.
‘കഴിഞ്ഞു. !’
കൂടി നിന്ന ഞങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാനായില്ല.
നാലഞ്ചു ദശാബ്ദങ്ങള്‍ എല്ലാ ്രപതിബന്ധങ്ങളെയും അതിജീവിച്ചു കിഴക്കന്‍മേഖലയില്‍ പാര്‍ട്ടികെട്ടിപ്പടുക്കാന്‍ നിരന്തരമായി പ്രവര്‍ത്തിച്ച സ.പി.പി.എസ്തോസ് ഓര്‍മ്മയായി.
അന്തരീക്ഷം മെല്ലെ ശാന്തമായപ്പോള്‍ സ.പി.എം.ഇസ്മയിലിനോട് ഞാന്‍ ചോദിച്ചു.
‘എന്താണുണ്ടായത് സഖാവെ’?
‘താന്‍ പോകുമ്പോഴും ചര്‍ച്ച നടക്ക്വായിരുന്നല്ലൊ ! കമ്മിറ്റി തീര്ന്നട്ടൊണ്ടായിരുന്നില്ല. പെട്ടെന്നാണ് സഖാവ് ചെരിഞ്ഞു ചെരിഞ്ഞ് സ.എപിയുടെ ദേഹത്തോട് ചാഞ്ഞു കിടന്നത്. ഞങ്ങളു നടുങ്ങിപ്പോയി. എല്ലാരും കൂടി താങ്ങിയെടുത്ത് വണ്ട്യേക്കേറ്റി വിട്ടുപോന്നു. പക്ഷേ ഫലമുണ്ടായില്ലെടോ. ‘
സ.ഇസ്മയിലിന്റെ കണ്ണുകള്‍ നിറഞ്ഞു! എന്റെയും
ജീവന്റെ അവസാനതുടിപ്പുവരെ
ചെങ്കൊടിയേന്തി നിന്ന സ.പി.പി.എസ്തോസിന്റെ
ഓര്‍മ്മയ്ക്കു മുമ്പില്‍
ഒരുപിടി ചുവന്ന പൂക്കള്‍!