കഞ്ഞിക്കുഴി: ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലായിരുന്നു സംസ്കാരം. ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഇസ്രയേല്‍ ജനത സൗമ്യയെ ഒരു മാലാഖയായിട്ടാണ് കാണുന്നതെന്നും കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും വീട്ടിലെത്തിയ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. സൗമ്യയുടെ മകന് അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കുകയും ചെയ്തു.
രണ്ടു വര്‍ഷമായി ഇസ്രയേലില്‍ ജോലിചെയ്യുന്ന സൗമ്യ അടുത്തു തന്നെ മകന് അഡോണിന്റെ ആദ്യകുര്‍ബാന ചടങ്ങിന് നാട്ടിലെത്താന്‍ തീരുമാനിച്ചിരുന്നു. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത് ഒമ്പത്തു വയസുകാരന് തീരാ നൊമ്പരമായാണ്.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികശരീരം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ ജോനാദന് സഡ്ക അന്തിമോപചാരമര്‍പ്പിക്കാനെത്തി.
വീട്ടിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്ക് ഭൗതിക ശരീരം കീരീത്തോട് നിത്യസഹായമാതാ പള്ളിയില്‍ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലികുന്നേല് മുഖ്യ കാര്‍മികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു.