മൂവാറ്റുപുഴ: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് പ്രാവശ്യം നിറുത്തിവച്ച മീനച്ചില്‍ പദ്ധതി പുനരാരംഭിക്കാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍എം എല്‍ എ ബാബുപോള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീനച്ചില്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഡിപിആര്‍ തയ്യാറാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള വാപ്കോസ് ലിമിറ്റഡുമായി സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ധാരണ പത്രം ഒപ്പിട്ടതോടെയാണ് മൂവാറ്റുപുഴയാറിന് ഭീഷണിയാകുന്ന മീനച്ചില്‍ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ബാബു പോള്‍ രംഗത്തെത്തിയത്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം റിസര്‍വോയറില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം മലങ്കര ഡാമിന് മുകളില്‍ അറക്കുളത്ത് മൂന്നുങ്കവയലില്‍ തടയണ കെട്ടി അവിടെ നിന്നും 6.5 കിലോമീറ്റര്‍ നീളത്തില്‍ രണ്ട് മലകളെ തുരന്ന് ടണല്‍ നിര്‍മിച്ച് മുന്നിലവ് പഞ്ചായത്തിലെ നരിമറ്റത്ത് കടപ്പുഴ ആറിലെത്തിച്ച് അതുവഴി മീനച്ചില്‍ ആറ്റില്‍ എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അറക്കുളത്ത് നിന്നും ടണല്‍ മാര്‍ഗ്ഗം ലക്ഷക്കണക്കിന് ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലം ചോര്‍ത്താനാണ് മീനച്ചില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2001-2006 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാങ്കേതിക അനുമതി പോലും ഇല്ലാതെ ധനകാര്യ മന്ത്രി 64-കോടി രൂപയുടെ ഭരണാനുമതി മീനച്ചില്‍ പദ്ധിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ 2006-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരില്‍ അന്ന് എംഎല്‍എ ആയിരുന്ന ബാബുപോള്‍ മീനച്ചില്‍ പദ്ധതി നടപ്പിലാക്കിയാല്‍ മൂവാറ്റുപുഴയാറില്‍ ഉണ്ടാകുന്ന ജലത്തിന്റെ കുറവും അതുവഴി ഉണ്ടാകാനിടയുള്ള മറ്റ് പ്രത്യാഖാതങ്ങളും ചൂണ്ടികാണിച്ച് അന്നത്തെ ജല വിഭവ വകുപ്പ് മന്ത്രിയ്ക്ക് വിശദമായ പഠനം ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കുകയും സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വിദഗ്ദ്ധ സമിതിയില്‍ വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍മാര്‍, സെഡ് ഡയറക്ടര്‍, ജിയോളജിക്കല്‍ സര്‍വ്വേ ഔഫ് ഇന്ത്യാ മേഖല ഡയറക്ടര്‍, സി ഡബ്ല്യു ആര് ഡി എം ഡയറക്ടര്‍, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, എം വി ഐ പി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, ജലസേചന വകുപ്പില്‍ നിന്നും റിട്ടെയര്‍ ചെയ്ത കെ ജി രാമചന്ദ്രന്, വാട്ടര്‍ അതോറിറ്റിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ചീഫ് എഞ്ചിനീയര്‍ എബ്രാഹം സ്കറിയ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. 2007-ല്‍ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മ്മാണം വന്പാരിസ്ഥിതീക പ്രശ്നങ്ങള്‍ സ്യഷ്ടിക്കുമെന്നും കടപ്പുഴ ആറിനേക്കാള്‍ 20-അടി ഉയരമുള്ള മീനച്ചിലാറ്റിലേയ്ക്ക് വെള്ളം ഒഴുക്കണമെങ്കില്‍ മീനച്ചിലാറിന്റെ അടിതട്ട് പാറപൊട്ടിച്ച് താഴ്ത്തണം. ഇവിടെ പാറപൊട്ടിക്കുന്നത് ഭൂചലനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂചലനം അനുഭപ്പെടുന്ന പ്രദേശമായ മുന്നിലവ് ഉള്‍പ്പെടുന്ന മീനച്ചില്‍ പ്രദേശം പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനം നടത്തരുതെന്നും ജിയോളജിക്കല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടും മൂവാറ്റുപുഴ ആറിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതിലൂടെ വന്പ്രത്യാഖാതങ്ങള് ഈമേഖലകളില്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു. ടണല്‍ നിര്‍മിച്ച് വെള്ളം തിരിച്ചു വിടാനുള്ള മീനച്ചില്‍ പദ്ധതി തികച്ചു പ്രയോഗികമല്ലയെന്ന വിദഗ്ദ്ധ സമിതി ശുപാര്‍ശയെ തുടര്‍ന്ന് സര്‍ക്കാര്‍ മീനച്ചില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ 2011-ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനെതിരെ ഉയര്‍ന്നുവന്ന ജനരേക്ഷത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. രണ്ട് തവണ ഉപേക്ഷിക്കപ്പെട്ട മീനച്ചില്‍ പദ്ധതി ഇപ്പോള്‍ വീണ്ടും നടപ്പിലാക്കുവാന്‍ ജലവിഭവ വകുപ്പ് ശ്രമം പ്രതിഷേധാര്‍ഹമാണന്ന് ബാബു പോള്‍ പറഞ്ഞു. മൂലമറ്റം റിസര്‍വോയറില്‍ നിന്നും ഒരു സെക്കണ്ടില് 70-80 ഘന മീറ്റര്‍ വെള്ളമാണ് മലങ്കര ഡാമില്‍ ഒഴുകിയെത്തുന്നത്. മൂവാറ്റുപുഴ താലൂക്കിന്റെ കിഴക്കന്‍-തെക്കന്‍ മേഖലകളിലും കോതമംഗലം താലൂക്കിന്റെ തെക്കന്‍ മേഖലകളിലും ഏറ്റുമാനൂര്‍ താലൂക്ക് പ്രദേശങ്ങളിലും കൃഷിയ്ക്കും കൂടിവെള്ളത്തിനും ഉപയോഗിക്കുന്ന മൂവാറ്റുപുഴ വാലി പദ്ധതിയിലേയ്ക്ക് 33-37 ഘന മീറ്റര്‍ വെള്ളം എടുക്കുന്നു. ഇതിനുശേഷമുള്ള ജലമാണ് തൊടുപുഴ-മൂവാറ്റുപുഴ ആറുകളിലേയ്ക്ക് ഒഴുകി ആലപ്പുഴ ജില്ല വരെ എത്തുന്നത്.
16-ശുദ്ധജല വിതരണ പദ്ധതികളും 27-ചെറുകിയ ജലസേചന പദ്ദതികള്‍ക്കും പുറമെ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് 10-ഘന മീറ്റര്‍ വെള്ളവും ജപ്പാന് കുടിവെള്ള പദ്ധതിയില്‍ ചേര്‍ത്തലയ്ക്ക് മാത്രം 10-കോടി ലിറ്റര്‍ വെള്ളവും വൈക്കത്തിന് 5-കോടി ലിറ്റര്‍ വെള്ളവും കൊച്ചി നഗര പദ്ധതിയിലേയ്ക്ക് 1.16-ഘന മീറ്റര്‍ വെള്ളവും മൂവാറ്റുപുഴ ആറില്‍ നിന്നുമാണ് എടുക്കുന്നത്. ഇതെല്ലാം ചേരുമ്പോള്‍ മൂവാറ്റുപുഴയാര്‍ നിറഞ്ഞ് ഒഴുകിയാല്‍ പോലും ആവശ്യത്തിന് വെള്ളം തികയാതെ വരുമ്പോഴാണ് മീനച്ചില്‍ പദ്ധതിയുടെ പേരില്‍ 28-ഘന മീറ്റര്‍ വെള്ളം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. മൂവാറ്റുപുഴ ആറിനെ ഊഷര ഭൂമിയാക്കി മാറ്റുന്നതും തൊടുപുഴ മുതല്‍ കുട്ടനാട് വരെയുള്ള കാര്‍ഷീക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതും കുടിവെള്ള സ്രോതസ് ഇല്ലാതാക്കുന്നതുമായ മീനച്ചില്‍ പദ്ധതിയില്‍ നിന്നും ജലവിഭവ വകുപ്പും എല്‍ഡിഎഫും, സര്‍ക്കാരും മുന്‍കാലങ്ങളിലേതുപോലെ പദ്ധതിയില്‍ നിന്നും പിന്മാറണമെന്നും മുന്‍ എം എല്‍ എ ബാബുപോള്‍ ആവശ്യപ്പെട്ടു.