സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം തുടരുന്നതിനാല്‍ കോട്ടയത്ത് എല്‍ഡിഎഫില്‍ പ്രതിസന്ധി. സീറ്റ് വിഭജനം തീര്‍പ്പാക്കാന്‍ എല്‍ഡിഎഫ് ജില്ലാ യോഗം ഇന്ന് ചേരും. കേരള കോണ്‍ഗ്രസിനായി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചര്‍ച്ചയ്ക്കില്ലെന്നും തീര്‍ത്ത് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. സിപിഐയോട് ഏറ്റുമുട്ടാന്‍ ജോസ് വിഭാഗം വളര്‍ന്നിട്ടില്ലെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തര്‍ക്കം രൂക്ഷമാക്കിയത്.
ജില്ലാ പഞ്ചായത്ത് പാലാ മുനിസിപ്പാലിറ്റി സീറ്റുകള്‍ സംബന്ധിച്ചാണ് ഇടത് മുന്നണിയിലെ തര്‍ക്കം. ജില്ലാ പഞ്ചായത്തില്‍ 12 പാലാ മുനിസിപ്പാലിറ്റി 18 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്. ഈ സീറ്റുകള്‍ നല്കാന് സിപിഎം തയ്യാറാണെങ്കിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലൊന്ന് സിപിഐ വിട്ടുനല്‍കി. ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടതോടെ സിപിഐ ഇടഞ്ഞു. പാര്‍ട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിര്‍ദേശം നല്‍കിയതോടെയാണ് ജില്ലാ നേതൃത്വം കടുത്ത നിലപാടെടുത്തത്.
ജില്ലാ പഞ്ചായത്തില്‍ പതിനൊന്ന് സീറ്റെങ്കിലും വേണമെന്ന് കേരള കോണ്‍ഗ്രസും നിലപാടെടുത്തു. ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള സമവാക്യം സിപിഎം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. ഒത്തുതീര്‍പ്പു സമവാക്യം രൂപപ്പെട്ടാല്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇതിനിടെ ജില്ലാ പഞ്ചായത്തിലെ നാലു സീറ്റുകളിലേക്ക് മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെയും സിപിഐ തീരുമാനിച്ചു.