കോതമംഗലം: അജ്ഞാതരുടെ ആസിഡ് ആക്രമത്തില്‍ പരിക്കേറ്റ കന്നുകാലികളുടെ ദുരവസ്ഥയില്‍ മനം നൊന്ത് കഴിയുന്ന കന്നുകാലി കര്‍ഷകരുടെ കണ്ണിരൊപ്പാന് ഉന്നതതല സംഘം കവളങ്ങാട് തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് എത്തി. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് (എസ്പിസിഎ) ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ ആണ് ഉന്നതതല സംഘം ഇന്നലെ സ്ഥലത്തെത്തിയത്.
എസ്പിസിഎ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശ വാസികളായ ക്ഷീരകര്‍ഷകരുടെ കന്നു കാലികള്‍ക്ക് നേരെ ആറ് മാസത്തിലധികമായി നിരന്തരമായി ആക്രമണം തുടങ്ങിയിട്ട്. ഗുരുതരമായി പൊള്ളലേറ്റ കന്നുകാലികളെയും ഉടമസ്ഥരായ കുരീക്കാട്ടില്‍ വര്‍ക്കി കുര്യന്, പാറക്കല്‍ ഷൈജന്‍ തങ്കപ്പന്, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവരെയും സംഘം സന്ദര്‍ശിച്ചു.
ജില്ല വെറ്റിനറി ലാബ് ഓഫീസര്‍ ഡോ. ഐശ്വര്യ ആര്. വേണുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം ആഡിഡ് വീണ് പരിക്കേറ്റ കന്നുകാലികളെ പരിശോധിച്ച് മരുന്ന് നല്കി.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും സ്ഥലത്ത് എത്തിയ ഊന്നുകല്‍ പൊലീസിന് ചെയര്മാന് നിര്‍ദ്ദേശം നല്കി. എസ്പിസിഎ നിയമ നടപടി കര്‍ശനമാക്കുമെന്നും ചെയര്മാന് പറഞ്ഞു.
പ്രതികള്‍ക്ക് 50,000 രുപയും 3 വര്‍ഷം തടവും ലഭിക്കുന്ന കുറ്റമാണ്. ഇത്തരം മൃഗങ്ങള്‍ക്ക് നേരെയുളള അക്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ചെയര്മാന് ആവശ്യപ്പെട്ടു. പരിക്കേറ്റ കന്നുകാലികള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുമെന്ന് ചെയര്മാന് പറഞ്ഞു.
പ്രദേശത്ത് കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി പൊലീസ്, വനം, മൃഗ സംരക്ഷണ വകുപ്പ് പ്രതിനിധികള്‍, വന സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ , വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സൗമ്യ ശശി പഞ്ചായത്ത് അംഗം രാജേഷ് കുഞ്ഞുമോന്, ഊന്നുകല്‍ എസ് ഐ പി.സുരേഷ്കുമാര്‍, ജില്ല എസ്പിസിഎ സെക്രട്ടറി സജീവ്. ടി.കെ. വെറ്റിനറി ഡിപ്പാര്‍ട്ട്മെന്റ് കോതമംഗലം താലുക്ക് കോര്‍ഡിനേറ്റര്‍ ഡോ. മെര്ലിന്, ഊന്നുകല്‍ സീനിയര്‍ വെറ്റിനറി സര്ജന് ഡോ. രാജേശ്വരി, എസ്പിസിഎ ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് ഇഖ്ബാല്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വാര്‍ഡ് വികസന സമിതി അംഗങ്ങളായ പിഎംഎ കരീം, പിഎ ഷാജഹാന്, തങ്കച്ചന് പൗൗലോസ്, എന്നിവരും സന്നിഹിതരായിരുന്നു.