മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളില്‍ മാതൃകയായി പായിപ്ര പഞ്ചായത്തില്‍ നിന്നും ഒരു വനിതാ പഞ്ചായത്തംഗം ശ്രദ്ധ നേടുന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍ നെജി ഷാനവാസാണ് പ്രതിസന്ധി ഘട്ടത്തില്‍ നന്മ നിറഞ്ഞ സേവനവുമായി നാടിനൊപ്പം മുന്നില്‍ നിന്ന് പോരാളിയാകുന്നത്. കോവിഡ് രണ്ടാം തരംഗം തുടക്കമിട്ടപ്പോള്‍ തന്നെ നെജിയും ഭര്‍ത്താവും പൊതു പ്രവര്‍ത്തകനുമായ ഷാനവാസ് പറമ്പിലും കര്‍മ്മ നിരതരായി സേവനത്തിന് തയാറായിരുന്നു.
കോവിഡ് രണ്ടാം വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മറ്റു വാര്‍ഡുകളില്‍ നിന്ന് വിഭിന്നമായി പള്‍സ് ഓക്സി മീറ്ററുകള്‍ വാങ്ങുകയും വീടുകളില്‍ നേരിട്ടെത്തി നെജി പരിശോധന നടത്തുകയും ചെയ്തു. മാനസിക സമ്മര്‍ദങ്ങള്‍ക്ക് അകപ്പെടാതിരിക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും എപ്പോഴും എന്ത് ആവശ്യത്തിനും കൂടെയുണ്ടാകുമെന്ന ഉറപ്പും ആത്മവിശ്വാസവും നല്കി മുന്നില്‍ നല്‍ക്കാനും നെജിക്ക് സാധിച്ചു.
കോവിഡ് രോഗികള്‍ക്കുള്ള മരുന്നും, പ്രതിരോധ മരുന്ന് വിതരണവും നടത്തി. ഭക്ഷ്യ കിറ്റുകളുടെയും മരുന്നുകളുടെയും വിതരണത്തിനും വീടുകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും സ്വന്തം വാഹനവുമായി നെജിയും ഭര്‍ത്താവ് ഷാനവാസും സദാ സമയവും സേവന സന്നദ്ധരായിട്ടുണ്ട്.
കോവിഡ് രൂക്ഷമായത് മുതല്‍ പോസിറ്റീവായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുകയും, ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഭക്ഷണ കിറ്റ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ എത്തി വിതരണം ചെയ്തു.
ഏഴ് വര്‍ഷമായി കുടിവെള്ള ലഭ്യതയില്ലാതെ ബുദ്ധിമുട്ടിയിരുന്ന തട്ടുപറമ്പ് പോത്തുകുഴി ഭാഗത്തെ കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത് ഒന്നര മാസത്തിനകം വാട്ടര്‍ അതോറട്ടിയുടെ പൈപ്പ് ലൈന്‍ നീട്ടി വലിപ്പിച്ച് വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. അതുവഴി കുടിവെളളത്തിന് ശാശ്വതമായ പരിഹാരമായതിന്റെ സന്തോഷത്തിലാണ് നെജി.
വാര്‍ഡിന്റെ സമഗ്രമായ വികസനത്തിന് സര്‍ക്കാര്‍ ഫണ്ട് അപര്യപ്തമായി തീരുമ്പോള്‍ സുമനസുകളുടെ സഹായത്താല്‍ നടപ്പിലാക്കുന്ന ‘സ്പര്‍ശം’ പദ്ധതിയിലൂടെ വാര്‍ഡിലെ സ്ട്രീറ്റ് ലൈറ്റുകളും (മെര്‍ക്കുറി ലൈറ്റ്) വീട് സാനിറ്റൈസ് ചെയ്യുന്ന ഫോഗിംങ്ങ് മിഷ്യനും വാങ്ങാന്‍ സാധിച്ചു. പദ്ധതിയിലൂടെ 85 വയസ്സുള്ള കിടപ്പ് രോഗിക്ക് വിദേശത്തുള്ള സുമനസിന്റെ സഹായത്താല്‍ ഫാന്‍ വാങ്ങി നല്കി. പേഴയ്ക്കാപിളളി സബയ്ന്‍ ജംഗ്ഷനില്‍ വെള്ളക്കെട്ടിന് കാരണമായ ഓട മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉള്‍പെടുത്തി ക്ലീന്‍ ചെയ്തു.
പേഴയ്ക്കാപിള്ളി വനിത സഹകരണ സംഘത്തിന്റെ ഭരണ സമിതി അംഗമായും പിന്നീട് സംഘത്തിന്റെ പ്രസിഡന്റായുമാണ് നെജിയുടെ പൊതു രംഗത്തെക്കുള്ള പ്രവേശനം. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഒപ്പം ഭര്‍ത്താവും പൊതു പ്രവര്‍ത്തകനുമായ ഷാനവാസ് പറമ്പില്‍ മുന്നിട്ടിറങ്ങുമ്പോള്‍ പകരുന്ന ആത്മധൈര്യത്തില്‍ പടവുകള്‍ കയറി മുന്നോട്ട് നീങ്ങുന്നകയാണ് നെജി ഷാനവാസ്.