മൂവാറ്റുപുഴ: മണ്‍സൂണ്‍ എത്തും മുമ്പേ വെള്ളപ്പൊക്കം മുന്നില്‍ സുരക്ഷയൊരുക്കാന്‍ മലങ്കര ഡാം അധികൃതരുടെ യോഗം വിളിച്ച് മാത്യു കുഴല്നാടന് എംഎല്‍എ. നിലവില്‍ ഡാമിന്റെ ജലനിരപ്പ് 41.38 ആണ്. പരമാവധി ഫുള്‍ റിസര്‍വേയര്‍ നിരക്ക് 42 ല്‍ താഴെ ആണ്. ഈ സാഹചര്യത്തില്‍ ജൂണ്‍ ആദ്യവാരം 36.9 ല്‍ സ്പില്‍ വേ ലെവലില്‍ ജലനിരപ്പ് എത്തിക്കുകയെന്ന ആവശ്യം മുന്നില്‍ കണ്ടായിരുന്നു യോഗം.
ഡാമിന്റെ ജലനിരപ്പ് 41.38 ല്‍ നില്‍ക്കെ ശക്തമായ മഴ വന്നാല്‍ ഡാം തുറന്ന് വിടുകയല്ലാതെ മാര്‍ഗമില്ല. മൂലമറ്റം, ഇടുക്കി ഡാമുകളില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ മൂവാറ്റുപുഴ വെള്ളത്തിലാവും. . ഈ വെള്ളം സ്റ്റോര്‍ ചെയ്യാനും താഴ്ന്ന പ്രദേശങ്ങളിലേക്ക് വരാതിരിക്കാനും ബഫര്‍ ഉണ്ടാകണമെങ്കില്‍ ജലനിരപ്പ് 36.9 ല്‍ താഴ്ത്തികൊണ്ടു വന്ന് സ്പില്‍വേ ലെവലില്‍ നിര്‍ത്തണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. ഇങ്ങനെ നിയന്ത്രിച്ച് വെള്ളപൊക്കം നിയന്ത്രിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് എം എൽ എ പറഞ്ഞു. കോവിഡ് മഹാമാരിക്കൊപ്പം വെള്ളപ്പൊക്ക ദുരിതം കൂടി ജനത്തിന് താങ്ങാനാവില്ല. ജനങ്ങളുടെ ജീവനാണ് പ്രാധാന്യമെന്നും മാത്യു പറഞ്ഞു.
ഡാമിന്റെ മിനിമം ഡ്രോ ഡൗൺ ലെവൽ (എം ഡി ഡി എൽ ) 39.5 ആണ്. ഈ ലെവലില്‍ വെള്ളം നിയന്ത്രിച്ച് നിര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് 41.38 ല്‍ നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ അടിയന്തിരമായി 39.5 ല്‍ ആക്കാനും മഴക്കാലം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് 36.9 ല്‍ നിചപെടുത്താനും യോഗം തീരുമാനിച്ചു. ഇത് നടപ്പിലാക്കുവാനുളള നീക്കത്തിലാണ് ഡാം അധികൃതര്‍. ആദ്യമായിട്ടാണ് ഡാമിലെ ജലനിരപ്പ് ഇത്രയും താഴ്ത്താന്‍ തീരുമാനമുണ്ടാകുന്നത്.
യോഗത്തിന് ശേഷം എംഎല്‍എയും ഉദ്യോഗസ്ഥരും മലങ്കര ഡാമിലെത്തി ജലനിരപ്പ് നേരിട്ട് പരിശോധിച്ചു. 5 ദിവസം കഴിഞ്ഞ് ജലനിരപ്പ് 39.5 നിരപ്പില്‍ എത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം അഞ്ച് ദിവസത്തിന് ശേഷം വീണ്ടും എത്തി തീരുമാനങ്ങള്‍ നടപ്പിലാക്കി എന്ന് ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.
2020 ല്‍ ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിട്ട ശേഷം 39.5 മീറ്ററില്‍ എത്തിച്ചാണ് ഡാം മാനേജ്മെന്റ് വെളളപൊക്കം ഒഴിവാക്കിയത്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളായ ആവോലി, ആരക്കുഴ, വാളകം, മാറാടി, പായിപ്ര പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭ പ്രദേശങ്ങളും വെള്ളപ്പൊക്ത്തിന്റെ ദുരിതമനുഭവിച്ചിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ വരുകയും വന്‍ തോതില്‍ കൃഷിനാശവും ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് മുന്കരുതെലന്ന നിലയില്‍ ജലനിരപ്പ് 36.9 ല്‍ എത്തിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും നോട്ട കുറവുകൊണ്ട് ഇനി ഒരു വെള്ളപൊക്ക ദുരിതത്തിലേക്ക് മുവാറ്റുപുഴയെ തള്ളിവിടില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡാം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ശ്രീകല സി.കെ, എക്സികുട്ടീവ് എഞ്ചിനീയര്‍ സീന എം, അസിസ്റ്റന്റ് എഞ്ചിനീയര്‍ ദീപ സി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നഗരസഭ ചെയര്മാന് പി പി എല്‍ദോസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വര്‍ക്കി, ജോളി മോന് ചൂണ്ടയില്‍, ഒപി ബേബി, ഓമന മോഹന്‍, ഷെല്‍മി ജോണ്‍സ് തുടങ്ങി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പങ്കെടുത്തു.