സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സീറ്റ് നല്കാന് ആഗ്രഹിച്ചിരുന്നു എന്നാല്‍ ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂര്‍ സീറ്റ് നല്കാന് നിര്‍ബന്ധിതയാവുകയായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു.
‘ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ്. അവരുമായും കുടുംബവുമായിട്ടും നല്ല ബന്ധമുണ്ട്. സുഭാഷ് യൂത്ത് കോണ്‍ഗ്രസ് കാലം തൊട്ട് വിശ്വസ്തനായ എന്റെ സഹപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ വൈപ്പിനില്‍ നിര്‍ത്തിയത് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയ അംഗീകാരമാണ്. ലതികാസുഭാഷിന് കഴിഞ്ഞ തവണ സീറ്റ് കൊടുത്തു. നിര്‍ഭാഗ്യവശാല്‍ ജയിക്കാന്‍ സാധിച്ചില്ല. ഇത്തവണയും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പരിഗണിക്കണമെന്ന് മാത്രമല്ല സീറ്റ് കൊടുക്കണമെന്നും ആഗ്രഹിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കാന് നിര്‍ബന്ധിതരാവുകയായിരുന്നു.’ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സിപിഐഎം എന്ന കേഡര്‍ പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറിയുടെ അടുത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്ണ്ണയവുമായുള്ള ഈ പ്രതിഷേധത്തെ കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നാല്‍ പ്രതിഷേധം എപ്പോഴും ഉണ്ടാവാറുണ്ട്. എന്നാല്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയുടെ താല്പര്യങ്ങള് അനുസരിച്ച ചരിത്രം മാത്രമെയുള്ളുവെന്നും മുല്ലപ്പള്ളി കൂട്ടി ചേര്‍ത്തു.