മെഡിക്കല്‍ കോളേജ് അധ്യാപകരുടെ എന്‍ട്രി കേഡറിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. സാധാരണ ഗതിയില്‍ ശമ്പള പരിഷ്കരണം നടത്തുമ്പോള്‍ ശമ്പളം വര്ധിക്കണ്ടേ സ്ഥാനത്തു മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വിസില്‍ ജോലിയില്‍ പ്രവേശിക്കുന്ന ‘എന്‍ട്രി കേഡറിലെ’ ഡോക്ടര്‍മാരുടെ ശമ്പളം ശമ്പള പരിഷ്കരണ ഉത്തരവില്‍ 21% വരെയും അത്ഭുതകരമായി കുറയ്ക്കുന്ന തരത്തില്‍ ഉള്ള അപാകതകള്‍ ആണ് ഉള്ളതെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസും, സെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്കറും കുറ്റപ്പെടുത്തുന്നു.
ഈ ഭീമമായ കുറവ്, ഭാഗികമായിയെങ്കിലും ഒഴുവാക്കി വന്നിരുന്ന പേഴ്ണല്‍ പേയും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. അതുപോലെ കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രൊമോഷനു വേണ്ട പ്രവര്‍ത്തി പരിചയം എന്‍.എം.സി നിയമങ്ങള്‍ പ്രകാരം നാല് വര്‍ഷം ആണെന്നിരിക്കെ ഈ ഉത്തരവില്‍ ഏഴ് വര്‍ഷത്തില്‍ നിന്നും എട്ടിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പൂര്‍ണമായി തകര്‍ത്തു സ്വകാര്യ ലോബിയെ തഴച്ചു വളര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണ് ഈ എന്‍ട്രി കേഡറിലെ ഡോക്ടറുമാരുടെ സ്ഥാനക്കയറ്റ സാധ്യതകള്‍ മങ്ങിപ്പിക്കുന്നതെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2006 -ലെ ശമ്പള പരിഷ്കരണത്തിനു ശേഷം കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി എടുക്കുന്ന എല്ലാ ഉദ്യഗസ്ഥര്‍ക്കും മൂന്നാം തവണ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടറുമാര്‍ക്ക് വളരെ വൈകിയും കെ.ജി.എം.സി.ടി.എയുടെ ശ്രമകരമായ ഇടപെടലുകള്‍ക്ക് ശേഷം 2020 സെപ്റ്റംബറില്‍ മാത്രം ആണ് 1.1.2016 – ല്‍ നിലവില്‍ വരേണ്ട ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചത്.
യുവ ഡോക്ടര്‍മാര്‍ക്ക് കടുത്ത തിരിച്ചടി ആയി ആണ് തസ്തികകള്‍ ഡൗണ്‍ഗ്രേഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ അങ്ങോട്ട് പുനര്‍ വിന്യസിക്കുന്ന തീരുമാനവും മെഡിക്കല്‍ കോളേജുകളെ തകര്‍ത്ത് സ്വകാര്യ കോര്‍പറേറ്റുകളെ സഹായിക്കാനുള്ള ഇതേ നയത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കും.
നേരത്തെ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒ പിയിലെ തിരക്ക് വളരെ അധികമാണ്. ഇതേപോലെ നിലവില്‍ ഓപ്പറേഷന് തിയേറ്ററില്‍ ഡോക്ടറുമാരുടെയും മറ്റു സൗകര്യങ്ങളുടെയും കുറവുകാരണവും വെയ്റ്റിംഗ് ലിസ്റ്റ് കൂടുതല്‍ ആയതുകൊണ്ട് നിരവധി രോഗികള്‍ ആണ് ഭീമമായ കടക്കെണിയില്‍ ആയി പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കേണ്ടി വരുന്നത്.
എന്‍ട്രി കേഡറിലെ ഡോക്ടറുമാരുടെ ശമ്പളത്തില്‍ വന്ന കുറവിനുശേഷം മികവുള്ള ഡോക്ടറുമാര് മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസില്‍ ജോലിക്ക് കയറാന്‍ താല്പര്യം കാട്ടുന്നില്ല എന്നുള്ളത് വസ്തുതയാണ്. പി.എസ്.സി കിട്ടിയിട്ടും എത്രപേര്‍ ജോലിക്ക് ജോയിന്‍ചെയ്തു എന്നു അന്വേഷിച്ചാല്‍, ജോയിന്‍ ചെയ്യാത്ത മികച്ച റാങ്കുകള്‍ വാങ്ങിയ യുവഡോക്ടര്‍മാരുടെ കണക്കുകള്‍ മനസ്സിലാക്കുവാന്‍ കഴിയും. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ എഴുപത്തിയഞ്ച് വര്‍ഷംകൊണ്ട് കെട്ടിപ്പെടുത്ത ‘കേരള മോഡല്‍ ഓഫ് ഇക്കണോമിക് ഹെല്‍ത്ത് കെയര്‍,’ ഇപ്പോഴത്തെ ആരോഗ്യ- ധനകാര്യ വകുപ്പുകളുടെ തെറ്റായ നയങ്ങള്‍ കാരണം തകര്‍ന്നു തരിപ്പണമാക്കപ്പെടും. മെഡിക്കല്‍ കോളേജ് ഡോക്ടറുമാരുടെ മികവിലും നേതൃത്വത്തിലുമാണ് കോവിഡ് ചികിത്സ ഏറ്റവും കുറഞ്ഞ ചെലവിലും ഏറ്റവും കുറഞ്ഞ മരണനിരക്കോടെയും കേരളത്തിന് നടത്താന്‍ സാധിച്ചതും അതിനുള്ള പുരസ്കാരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതും, ഇതേ സര്‍ക്കാര്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടതും.
ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ നടത്തിയ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ശമ്പളത്തില്‍ വന്ന കുറവ് പരിഹരിച്ചു തരാമെന്നു പറഞ്ഞിരുന്നു. കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രൊമോഷന് വേണ്ട കാലാവധി ഏഴ് വര്‍ഷമായി നിലനിര്‍ത്തുമെന്നും ബഹുമാനപ്പെട്ട മന്ത്രി ഉറപ്പുനല്‍കിയിരുന്നു. അന്ന് തന്ന ഉറപ്പുകള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വ്വീസും, ഞങ്ങളെ പഠിപ്പിച്ച, ഞങ്ങള്‍ പഠിപ്പിച്ച വളര്‍ത്തിയ മെഡിക്കല്‍ കോളേജുകളെ ചോര കൊടുത്തും സംരക്ഷിക്കേണ്ടത് കെ.ജി.എം.സി.ടി.എയുടെ ഉത്തരവാദിത്വമാണ്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഗൗരവമായതും സമയ ബന്ധിതമായും നടപടികള്‍ ഉണ്ടായില്ലേല്‍ കെ.ജി.എം.സി.ടി.എ ഡിസംബര്‍ 2021 മുതല്‍ പ്രത്യക്ഷവും കടുത്തതുമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചു.