മുവാറ്റുപുഴ : സിപിഎമ്മിന് വേണ്ടി രക്തസാക്ഷിയായ പുഷ്പനെ ഈ സമ്മേളന കാലത്ത് സിപിഎം അവഗണിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. മരണശേഷം അദ്ദേഹത്തിന് വേണ്ടി ഒരു ദിവസത്തെ ദുഖചാരണം പോലും സിപിഎം നടത്തിയില്ല. മുവാറ്റുപുഴയില്‍ പ്രഖ്യാപിച്ച ബ്രാഞ്ച് സമ്മേളനങ്ങള്‍ മുഴുവനും ഈ ദിവസങ്ങളില്‍ നടത്തി. മാത്യു കുഴല്നാടന് എംഎല്‍എയെ ആക്രമിക്കാന്‍ ഡി.വൈ.എഫ്.ഐ തുനിഞ്ഞാല്‍ പ്രവര്‍ത്തകര്‍ വെറുതെ നോക്കി നില്‍ക്കുമെന്ന് കരുതരുതെന്ന് യൂത്ത് കോണ്‍ഗ്രസ്.
ജനാധിപത്യത്തിന് നേരെയാണ് ഇടതുപക്ഷ യുവജന സംഘടന വെല്ലുവിളിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രക്തസാക്ഷിയായ പുഷ്പനെ സിപിഎം ആണ് അവഹേളിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്വശ്രയ കോളേജിനെതിരെ ഡി.വൈ.എഫ്.ഐ സമരം ചെയ്യുമ്പോഴാണ് പുഷ്പന് വെടിയേറ്റത്. തന്റെ രണ്ട് മക്കളെയും സ്വാശ്രയ കോളേജുകളില്‍ പഠിപ്പിച്ച പിണറായിക്കെതിരെ സമരം ചെയ്യാന്‍ ഡി.വൈ.എഫ്.ഐക്ക് ആര്‍ജ്ജവം ഉണ്ടോയെന്നു യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി പരിഹസിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് എന്‍ ജോഷി, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് റഫീഖ്, എബി പൊങ്ങണത്തില്‍, ജിന്റോ ടോമി, എല്‍ദോ വട്ടക്കാവന്, ജില്ല ഭാരവാഹികളായ സല്മാന് ഓലിക്കല്‍, ഫൈസല്‍ വടക്കനേത്ത്, അഫ്സല് വിളക്കത്ത്, ഷെഫാന്‍ വി.എസ്, മനു ബ്ലായില്‍, മാഹിന്‍ അബുബക്കര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.