കല്‍പ്പറ്റ: ജനകീയ തിരച്ചിലിനിടെ ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ പുഴമുറിച്ചുകടക്കല് ദുസ്സഹമായതോടെ വനത്തില്‍ തുടരുകയായിരുന്നു ഇവര്‍. പുഴയുടെ സ്വഭാവം അറിയുന്നതിനാല്‍ കത്തി, ഭക്ഷണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈയ്യില്‍ കരുതിയിരുന്നുവെന്നും സംഘം പറഞ്ഞു.
ഇന്നലെ തിരച്ചിലിനായി പോയ എസ്ഡിപിഐയുടെ 14 സന്നദ്ധ പ്രവര്‍ത്തകരായിരുന്നു വനത്തില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴയില്‍ കുത്തൊഴുക്ക് ശക്തമായതോടെ മറുകരയിലേക്ക് എത്താനാവാതെ വനത്തില്‍ കുടുങ്ങുകയായിരുന്നു. ചൂരല്മഴയിലടക്കം കനത്ത മഴയായിരുന്നു ഇന്നലെ വൈകിട്ടോടെ പെയ്തത്. കുത്തൊഴുക്ക് ശക്തമായതിനാല്‍ മറുകരയിലേക്ക് എത്താന്‍ കഴിയില്ലെന്നും കാപ്പിത്തോട്ടത്തില്‍ സുരക്ഷിതമായി നില്‍ക്കാനാണ് തീരുമാനമെന്ന ശബ്ദ സന്ദേശം അവര്‍ കൈമാറിയിരുന്നു.
നിയാസ്, വഹാബ്, റഷീദ്, മുജീബ്, നിസാം, യൂനുസ്, ഷാഹുല്‍, സഫീര്‍, നൗഷാദ്, ഹാരിസ്, ഫിനോസ്, സുബൈര്‍, ഹാരിസ് പരുന്തന്‍, ഫൈസല്‍ എന്നിവരായിരുന്നു വനത്തില്‍ കുടുങ്ങിയത്.
പരപ്പംപാറ വരെ വ്യാപകമായി തിരച്ചില്‍ നടത്തി. പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. സമയം ഉള്ളതിനാല്‍ മുമ്പോട്ട് പോയി. അവിടെ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അക്കരെ കടന്നത്. തിരിച്ചുവരുമ്പോഴാണ് മഴ പെയ്തത്. ചാലിയര്‍ പുഴയില്‍ ഒഴുക്ക് കൂടിയതോടെ മുറിച്ചുകടക്കല്‍ സാഹസികമായതോടെ അവിടെ നില്‍ക്കുകയായിരുന്നു. പുഴയുടെ സ്ഥിതി അറിയുന്നതുകൊണ്ട് സാധനങ്ങളെല്ലാം കയ്യില്‍ കരുതിയിരുന്നു എന്നാണ് സംഘം പ്രതികരിച്ചത്.