മുവാറ്റുപുഴ : ആയവന പഞ്ചായത്തിലെ കടുംപിടി പാലം ഉൾപ്പെടെ 4 പദ്ധതികൾക്ക് അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾക്ക് അംഗീകാരമായത്. 4 പാലങ്ങൾക്ക് സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ അന്തിമാനുമതിയാണ് ലഭിച്ചത്. ആകെ 18 കോടി 21 ലക്ഷം രൂപ ചിലവഴിക്കുന്നതിനാണ് അനുമതി ലഭിച്ചത്.
110 മീറ്റർ നീളത്തിലാണ് കടുംപിടി പാലം പുനർ നിർമ്മിക്കുന്നത്. 8 കോടി 67 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ടെൻഡർ നടപടികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എംപി നിർദ്ദേശം നൽകി. വിശദമായ പദ്ധതി രേഖ സമർപ്പിച്ച് 2 വർഷം പിന്നിട്ടിട്ടുതിന് ശേഷമാണ് കേന്ദ്ര പദ്ധതിയിൽ അന്തിമ അനുമതി ലഭിച്ചത്.
2018 ലെ പ്രളയത്തിൽ നശിച്ച തോട്ടാഞ്ചേരി തൂക്ക് പാലത്തിന് പകരമാണ് ഈ പാലം നിർമ്മിക്കുന്നത്. ആദ്യം തൂക്കുപാലം പുനർ നിർമ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി 1.70 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ വാഹന ഗതാഗതം കൂടി സാധ്യമാകുന്ന വിധത്തിൽ തൂക്കു പാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്ന് ജനങ്ങൾ ആവശ്യം ഉയർത്തിയതിനെ തുടർന്നാണ് പാലത്തിന് വേണ്ടി ഡീൻ കുര്യാക്കോസ് എംപി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്. അഴുത ബ്ലോക്കിലെ മ്ലാമല – മുസ്ലിം പള്ളിപ്പടി പാലം, തട്ടാംപറമ്പിൽ പാലം, ഇളംദേശം ബ്ലോക്കിലെ പുറത്തേക്കടവ് പാലം എന്നിവയാണ് അനുമതി ലഭ്യമാക്കിയ മറ്റു പദ്ധതികൾ.
പാലം നവംബർ മാസത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 11 പാലങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതിൽ നാല് പാലങ്ങൾ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് ആവിഷ്കരിച്ച പദ്ധതികൾ ഓരോന്നിനും പടിപടിയായി അനുമതി ലഭിച്ചുവരുന്നതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.