മൂവാറ്റുപുഴ: മൂവാറ്റുപുഴ – കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചത് പ്രതിഷേധാര്‍ഹമാണന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം. 2017 – ലെ ബജറ്റില്‍ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 450.33 കോടി രൂപയുടെ സാമ്പത്തികാനുമതിയാവുകയും ചെയ്ത സുപ്രധാന പദ്ധതി മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ മന്ത്രി പി.ജെ.ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് 2024 ജൂലൈ 4 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിപി.എ മുഹമ്മദ് റിയാസ് നല്കിയ മറുപടിയിലാണ് പദ്ധതി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന വിവരം പ്രതിപാദിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അങ്കമാലി എല്‍.എ സ്പെഷ്യല്‍ തഹസില്‍ദാരുടേയും, റോഡിന്റെ ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയരുടെയും ഓഫീസുകള്‍ക്കാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 2024 ജനുവരി 24 ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കണ്ടിജന്‍സി ചാര്‍ജ്ജ് ഇനത്തില്‍ 50 ലക്ഷം രൂപ കിഫ്ബിയില്‍ നിന്ന് കൈമാറിയിരുന്നതായും എല്‍ദോ പറഞ്ഞു.
24 വര്‍ഷം മുന്‍പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച ഈ റോഡ് പ്രവര്‍ത്തിക്ക് ജീവന് വച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. അതിര്‍ത്തിക്കല്ലുകള്‍ പുന:സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഉള്ള സര്‍വ്വെ നടപടികളും നിര്‍ത്തിവച്ചു. നിലവിലുള്ള എം.സി റോഡിലൂടെ ഉള്ള യാത്രയിലെ വിവിധ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കഴിയുന്ന പദ്ധതി ആരക്കുഴ ,മാറാടി പാലക്കുഴ ,കൂത്താട്ടുകുളം മഖലയില്‍ വന്‍ വികസനത്തിനും വഴിവെക്കുമെന്നും എല്‍ദോ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഈ റോഡിന്റെ താത്കാലിക വികസനത്തിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് 16 കോടി രൂപ അനുവദിച്ചിരുന്നു. എം.സി.റോഡ് വഴിയുള്ള യാത്രയേക്കാള്‍ 4 കി.മി. ദൈര്‍ഘ്യം കുറയുന്നതും വളവുകള്‍ ഇല്ലാതിരിക്കുന്നതും ഈ പാതയുടെ പ്രത്യേക തയാണ്. ട്രാഫിക് വോളിയം കുറവാണ് എന്ന ഒറ്റ കാരണം പറഞ്ഞ് പദ്ദതി ഇല്ലാതാക്കുന്നത് നീതീകരിക്കാനാകാത്തതും, ജില്ലയുടെ കിഴക്കന്‍ മേഖലയോടുള്ള അവഗണനയുമാണെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. എം.എല്‍.എ ഇത്തരം ഗൗരവമുള്ള പദ്ദതികളുടെ കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തുന്നില്ലന്നും എല്‍ദോ പറഞ്ഞു. പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിന് പകരം ഉള്ള പദ്ദതി ഉപേക്ഷിക്കുന്നതിനായി ഒപ്പിടല്‍ ജോലി നിര്‍വഹിക്കുകയാണെന്ന് എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി. രണ്ട് പതിറ്റാണ്ട് കാലത്തെ പരിശ്രമഫലമായി 2017-ല്‍ അനുമതി വാങ്ങിയെടുത്ത പദ്ധതി ഉപേക്ഷിക്കരുതെന്നും, ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പു:നരാരംഭിക്കണമെന്നും എല്‍ദോ എബ്രഹാം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.