മലപ്പുറം: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഭൂരഹിതരായ ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ബ്രഹത്തായ പദ്ധതിയിലൂടെ 758 കുടുംബങ്ങള്‍ക്ക് മൊത്തം നല്‍കിയത് 2274 സെന്റ് ഭൂമി. സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ ഭരണ സ്ഥാപനം ലൈഫ് ഗുണഭോക്താക്കള്‍ക്ക് വേണ്ടി നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണിത്. 16 കോടി രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
മലപ്പുറം ജില്ലയിലെ 45 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 485 പൊതുവിഭാഗം കുടുംബങ്ങള്‍ക്കും 236 പട്ടികജാതി കുടുംബങ്ങള്‍ക്കും 51 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുമാണ് ഭൂമി വാങ്ങിക്കുന്നതിനുള്ള സഹായധനം അനുവദിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിച്ചത് മൂത്തേടം ഗ്രാമ പഞ്ചായത്തിലാണ്. ഇവിടെ 117 പേര്‍ക്കും ചുങ്കത്തറ ഗ്രാമ പഞ്ചായത്തില്‍ 107 പേര്‍ക്കും, വഴിക്കടവ് പഞ്ചായത്തില്‍ 64 പേര്‍ക്കും ഭൂമി അനുവദിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഭവനരഹിതരായ 1000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി വിലക്കു വാങ്ങുന്നതിന് സഹായം അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് 2021-22 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം അര്‍ഹതയുള്ളവരും ഭൂമി വിലക്കു വാങ്ങി രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആധാരം പഞ്ചായത്തുകള്‍ക്ക് കൈമാറി നടപടിക്രമങ്ങള്‍ പൂര്ത്തീകരിച്ചവര്ക്കുമാണ് ജില്ല പഞ്ചായത്ത് ധനസഹായം അനുവദിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് 2274 സെന്റ് ഭൂമി ലഭ്യമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. സംസ്ഥാനത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് മാത്രമാണ് ഇത്തരത്തില്‍ സമഗ്ര പദ്ധതി വിഭാവനം ചെയ്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ഓരോ വര്‍ഷവും സര്‍ക്കാര്‍ വെട്ടികുറക്കുമ്പോഴും അധ:സ്ഥിത വിഭാഗങ്ങളോടുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യവും അവരുടെ ഉന്നമനവുമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡണ്ട് എം കെ റഫീഖ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ പറഞ്ഞു.