പത്തനംതിട്ട ജില്ലയില്‍ അച്ചന് കോവിലാര്‍ കര കവിഞ്ഞൊഴുകുന്നു. അച്ചന് കോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴ പെയ്തിരുന്നു. ഉരുള്‍ പൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനില്ക്കുന്നു. പുലര്‍ച്ചെയോടെ ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചന് കോവിലാര്‍ എന്നീ നദികളൊക്കെ കര കവിഞ്ഞൊഴുകുകയാണ്.
കക്കി ആനത്തോര്‍ ഡാമില്‍ ഒരു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരും. മൂഴിയാര്‍, മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഴ കനത്താല്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടത്തിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം.
ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല.