മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രദേശത്ത് അധികൃതരെ നോക്കുകുത്തിയാക്കി മണ്ണ് മാഫിയയുടെ മണ്ണ് കടത്ത്. എല്ലുപൊടി കമ്പനി റോഡില്‍ സ്വകാര്യ വ്യക്തിയുടെ 11 ഏക്കറോളം പുരയിടത്തില്‍ അനധികൃതമായി മണ്ണെടുത്ത് കടത്തുന്നത്. ആറുമാസത്തോളമായി രാത്രികാലങ്ങളില്‍ വലിയ രീതിയില്‍ മണ്ണ് കടത്തി ഭൂമിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകര്‍ക്കുകയാണ്. ഒരുവിഭാഗം റവന്യൂ അധികാരികളുടെ ഒത്താശ്ശയോടെയാണ് മണ്ണ് കടത്ത്.
വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ട മാറ്റുന്നതിന് പെര്‍മിറ്റ് എടുത്തു, അതിന്റെ മറവിലാണ് മാസങ്ങളായുള്ള മണ്ണ് കൊള്ള നടക്കുന്നത്. നിരവധി ഏക്കര്‍ വരുന്ന മലയാണ് ഈ മറവില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പാറ പൊട്ടിക്കലും വില്പനയും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇതുവഴി റോഡ് സഞ്ചാരയോഗ്യല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴി നശിപ്പിച്ചെന്നും അനധികൃത മണ്ണെടുപ്പിനെതിരെ മാസങ്ങളായുള്ള പരാതിക്ക് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി.
വിഷയത്തില്‍ മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് അടക്കം നിരവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും തദ്ധേശവാസികള് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഇടപെട്ട് ഗുരുതരമായ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന മലയിടിക്കല്‍ നിരോധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.