മുവാറ്റുപുഴ: കോവിഡ് ബാധിതരുളള വീടുകളിലേക്ക് സൗജന്യമായി പഴവര്‍ഗ കിറ്റ് നല്കി മാതകയായി വീണ്ടും പി.വി.എം ഗ്രൂപ്പ്. നഗരസഭയിലെ 28 വാര്‍ഡുകളിലുമുളള ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് പി.വി.എം ഗ്രൂപ്പ് പഴവര്‍ഗങ്ങള്‍ എത്തിച്ച് നല്‍കിയത്. പായിപ്ര പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കും സഹായം എത്തിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലായിരുന്നു വിതരണം. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, സിട്രസ്, മുസംബി തുടങ്ങിയ മുന്തിയ ഇനം പഴ വര്‍ഗങ്ങളാണ് നല്‍കിയത്. കഴിഞ്ഞ ലോക്ഡൗണിലും പി.വി.എം ഗ്രൂപ്പ് കോവിഡ് രോഗികള്‍ക്ക് സഹായം എത്തിച്ചിരുന്നു.
പ്രളയമുള്‍പ്പെടെ ജനങ്ങള്‍ പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം വിവിധ സഹായങ്ങളുമായി പി.വി.എം ഗ്രൂപ്പ് കൈത്താങ്ങായെത്തുന്നത് പതിവാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും സംസ്ഥാനത്തെ സാധാരണക്കാരില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ട് നിസഹായതയോടെ നിന്നവര്‍ക്കും കൈത്താങ്ങായി പി.വി.എം ഗ്രൂപ്പ് എത്തിയിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തിലെ ലോക്ഡൗണിലും പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ ഭക്ഷണവും മറ്റ് സഹായങ്ങളുമായി നാടിന് മാതൃകയായി മുന്നില്‍ നിന്നു. കഴിഞ്ഞ ലോക്ഡൗണില്‍ സംസ്ഥാനം ആദ്യമായി അടച്ചിട്ടപ്പോള്‍ ആശങ്കയിലായ അഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കിയാണ് പി.വി.എം ഗ്രൂപ്പ് സേവന രംഗത്ത് ശ്രദ്ധേയമായ മാതൃക കാട്ടിയത്.
കോവിഡ് പിടിപെടുന്നവരുടെ പ്രതിരോധ ശേഷി ഉയര്‍ത്തുക പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് വീടുകളില്‍ സൗജന്യമായി പഴവര്‍ഗങ്ങള്‍ നല്‍കുന്നതെന്ന് മൂവാറ്റുപുഴ നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പിഎം അബ്ദുല്‍ സലാം പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് വിപണിയില്‍ ഉയര്‍ന്ന വിലയുളള പഴവര്‍ഗങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇത് കൂടി കണക്കിലെടുത്താണ് എല്ലാ വീടുകളിലും പഴവര്‍ഗങ്ങള്‍ എത്തിച്ചതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
പിവിഎം സഹോദരന്മാരായ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പിഎം അമീര്‍ അലി, മൂവാറ്റുപുഴ നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പിഎം അബ്ദുല്‍ സലാം, പിഎം ഇബ്രാഹിം, പിഎം ഇസ്മയില്‍ എന്നിവരാണ് വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നതിനൊപ്പം ജീവകാരുണ്യ മേഖലയിലും സജീവ ഇടപെടല്‍ നടത്തി നാടിന് മാതൃകയാകുന്നത്. ഇവര്‍ക്കൊപ്പം മക്കളും സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.