ആലുവ: കോവിഡ് മഹാമാരി സമയത്ത് സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട ആലുവ ജില്ലാ ആശുപത്രിക്ക് 4 കോടി രൂപയുടെ സഹായമേകി ജില്ലാ പഞ്ചായത്ത്. 50 ലക്ഷം രൂപ മരുന്നുകള്‍ക്കും 25 ലക്ഷം രൂപ ലാബ് റിയേജന്റുകള്ക്കുമായി അടിയന്തിര സഹായമായി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. എറണാകുളം ജില്ലയിലെ ജില്ലാതല കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ആലുവ ജില്ലാ ആശുപത്രിയിലാണ്. ഹീമോഫീലിയ രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങുന്നതിനായി 32 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു. സംസ്ഥാനത്തെ ആദ്യത്തേയും ഏറ്റവും മികച്ചതുമായ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതും ആലുവ ജില്ലാ ആശുപത്രിയിലാണ്.
ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് പണിയുന്ന ജീറിയാട്രിക്ക് വാര്‍ഡിന്റെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. 51 ലക്ഷം രൂപ വാര്‍ഡിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിതായി അനുവദിച്ചു. ജീറിയാട്രിക്ക് വാര്‍ഡിന്റെ ഇലക്ട്രിഫിക്കേഷന് വേണ്ടി 30 ലക്ഷം രൂപ അനുവദിച്ചു. ജീറിയാട്രിക്ക് വാര്‍ഡിലേക്കുള്ള ലിഫ്റ്റിന് വേണ്ടി അടുത്ത സാമ്പത്തിക വര്‍ഷം തുക വകയിരുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.
ഗോവര്ദ്ധനന് പദ്ധതിയില്‍ പെടുത്തി ബയോഗ്യാസ് നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു.ആരോഗ്യ വകുപ്പ് മുഖേന ഒന്നരകോടി രൂപ ചെലവില്‍ മലിന ജല സംസ്ക്കരണപ്ലാന്റിന് വേണ്ടി ഡി.പി.ആര്. തയ്യാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം തകര്‍ന്ന ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 4.9 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് ജില്ലാ ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണപ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു.
30 ലക്ഷം രൂപയാണ് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് വിനിയോഗിക്കുക. ചുറ്റുമതില്‍ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ആരോഗ്യം സ്ഥിരം സമിതി ചെയര്മാന് എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ഷാരോണ്‍ പനക്കല്‍, ഷൈമി വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീലത. പി.ആര്, വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ജെയിംസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ എ.പി. ഉദയകുമാര്‍, തോപ്പില്‍ അബു, പി. നവകുമാരന്‍, ഡൊമിനിക്ക് കാവുങ്കല്‍, കെ.പി. ഷാജി, രാജു തോമസ്, അശോക് കുമാര്‍ പി.എസ്, കെ.എം.എ. ജലീല്‍, പ്രിന്‍സ് വെള്ളറക്കല്‍, റഷീദ്. പി.എം., ഡോ.എന്‍. വിജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഐ. സിറാജ് എന്നിവര്‍ പങ്കെടുത്തു.