കോതമംഗലം: സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രം ഫെബ്രുവരി 15 ബുധനാഴ്ച വൈകിട്ട് 3 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റങ്ങളും വിപുലമായ സൗകര്യങ്ങളും ലഭ്യമാകും. നിലവില്‍ 2 ഡോക്ടര്‍ ഉള്ളിടത്ത് 3 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. പുതുതായി 3 നഴ്സുമാരുടേയും സേവനം ലഭിക്കും.
ഓപി സമയം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ആകും. അത്യാധുനിക രീതിയിലുള്ള ലാബ് സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍,
ഒബ്സര്‍വേഷന്‍ റൂം, ശീതികരിച്ച ഫാര്‍മസി, പുതിയ ഓ പി റൂമുകള്‍, ഫീഡിങ്ങ് റൂം, പ്രൈമറി വെയ്റ്റിങ്ങ് ഏരിയ, കുട്ടികള്‍ക്കു വേണ്ടി പ്ലേയിങ്ങ് ഏരിയ, റ്റിവി സൗകര്യത്തോടു കൂടിയുള്ള കാത്തിരിപ്പ് കേന്ദ്രം അടക്കം വിപുലമായ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഭാഗമായി പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകും.
1951 ല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ ദിനം പ്രതി 100 ലധികം ആളുകളാണ് ചികിത്സക്കായി എത്തുന്നത്. പ്രദേശ വാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് നിറവേറുന്നതെന്നും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17 ബുധനാഴ്ച വൈകിട്ട് 3 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുമെന്നും എംഎല്‍എ അറിയിച്ചു.