എറണാകുളം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി ട്വന്റി. തൃക്കാക്കര, കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് എടത്തൊടിയാണ് സ്ഥാനാര്‍ത്ഥി. എറണാകുളത്ത് പ്രൊഫ. ലസ്ലി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. നേരത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ട്വന്റി ട്വന്റി പ്രഖ്യാപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മികച്ച പ്രകടനം കാഴ്ചവെച്ച കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രനാണ് സിറ്റിങ് എംഎല്‍എ. കോതമംഗലത്ത് ഡോ ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥി. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ജോസ് ജോസഫ് കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെ മരുമകനാണ്.
ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകനായ സിഎന്‍ പ്രകാശാണ് സ്ഥാനാര്‍ത്ഥി. വൈപ്പിനില്‍ ഡോക്ടര്‍ ജോബ് ചക്കാലക്കലും സ്ഥാനാര്‍ത്ഥിയാവും. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ല. നടന് ശ്രീനിവാസനും സംവിധായകന് സിദ്ധിഖും ഉപദേശക സമിതിയിലുണ്ടാവും.