കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ തോല്‍പ്പിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റിയന് കുളത്തുങ്കല്‍..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോര്‍ജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്ക്ലബിന്റെ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടന വേദിയിലാണ് ഇരുവരും തമ്മില്‍ മുഖാമുഖം പോരടിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായ മത്സരത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനായിരുന്നു ഒടുവില്‍ വിജയം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം പ്രസ്ക്ലബിന്റെ ഷട്ടില്‍ കോര്‍ട്ടിലാണ് ഇരുവരും തമ്മില്‍ മത്സരിച്ചത്. ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടനത്തിനായാണ് പി.സി ജോര്‍ജും, മകന് ഷോണ്‍ ജോര്‍ജും, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലും എത്തിയത്. പി.സിയും ഷോണും ഒരു വശത്തും, കുളത്തുങ്കലും പള്ളിക്കത്തോട്ടിലെ കോണ്‍ഗ്രസ് നേതാവും തീയറ്റര്‍ ഉടമയുമായ ജിജി അഞ്ചാനിയും മറുവശത്തുമായാണ് മത്സരിച്ചത്.
ആദ്യ സെറ്റില്‍ പി.സി ജോര്‍ജ് ഏകപക്ഷീയമായി മുന്നേറിയെങ്കില്‍, പകുതി കഴിഞ്ഞതോടെ കുളത്തുങ്കലും ടീമും കളി പിടിച്ചു. പത്തു പോയിന്റിന് മത്സരിച്ചെങ്കിലും ഗെയിം പോയിന്റുകള്‍ ഒപ്പത്തിനൊപ്പം നേടിയതോടെ മത്സരം അവസാനിച്ചത് 14 പോയിന്റിലാണ്. 14 പോയിന്റ് ആദ്യം നേടിയ കുളത്തുങ്കലും ടീമും പി.സിയെയും പുത്രനെയും തറപറ്റിക്കുകയായിരുന്നു.
മത്സരത്തിനു ശേഷം ഇരുവരും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ഒന്നിച്ചു നിന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി.സി ജോര്‍ജിനെതിരെ, ഇക്കുറി ഇടതു മുന്നണിയും കേരള കോണ്‍ഗ്രസും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് പരിഗണിക്കുന്നത് എന്ന അഭ്യൂഹം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇത് കൂടി ഉള്‍പ്പെടുത്തിയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പൂഞ്ഞാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയലാണോ ഇവിടെ കണ്ടത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. എന്നാല്‍, പ്രസ്ക്ലബില്‍ നടന്ന മത്സരവും ഫലവും പൂഞ്ഞാര്‍ തിരഞ്ഞെടുപ്പിന്റേതിനു സമാനമായിരിക്കുമെന്നായിരുന്നു കുളത്തുങ്കലിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ഇരുവിഭാഗവും പൂഞ്ഞാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ഒരുക്കിയെന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.