മൂവാറ്റുപുഴ : അര നൂറ്റാണ്ടിന് ശേഷം മൂവാറ്റുപുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മറ്റൊരു വികസനത്തിനു കൂടി KIIFB യിൽ നിന്നും അന്തിമ അനുമതി ലഭിച്ചു. മൂവാറ്റുപുഴയുടെ നഗര വികസനം വർഷങ്ങൾക്കു മുൻപാണ് പ്ലാൻ ചെയ്ത് ഡിപിആർ തയ്യാറാക്കിയിരുന്നത്, എന്നാൽ ആധുനിക കാലഘട്ടത്തിലെ രൂപരേഖ അനുസരിച്ച് റിവൈസ് ചെയ്യുന്നതിനുള്ള വർക്കുകൾ എംഎൽഎയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തോളമായി നടത്തിവരികയായിരുന്നു ആ പരിശ്രമങ്ങളാണ് ഇപ്പോൾ ഫലപ്തിയിലേക്ക് എത്തിയിരിക്കുന്നത്…
കോടികൾ മുടക്കി നഗരവികസനം പൂർത്തിയാക്കുമ്പോഴും അത് പൂർണമായി ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ കച്ചേരിതാഴത്ത് ഒരു പുതിയ പാലം കൂടി വേണമെന്ന യാഥാർത്ഥ്യം എംഎൽഎ രണ്ടു വർഷങ്ങൾക്കു മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അല്ലാത്തപക്ഷം പി ഓ ജംഗ്ഷനിൽ നിന്നും – വെള്ളൂർകുന്നത്ത് നിന്നും ഇരു വരികളായി വരുന്ന വാഹനങ്ങൾ കച്ചേരിതാഴത്ത് എത്തുമ്പോഴേക്കും ചുരുങ്ങുകയും സിംഗിൾ ലൈനിലൂടെ പോകുകയും ചെയ്യേണ്ട അവസ്ഥയിൽ എത്തുമെന്നും അതുകാരണം നഗരവികസനം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തില്ലെന്നും എംഎൽഎ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ കച്ചേരിതാഴത്തെ പുതിയ പാലത്തിനായുള്ള സാധ്യതകൾ തേടുകയും ദീർഘനാളത്തെ വിശദമായ പഠനങ്ങൾക്കും അതിനെ അടിസ്ഥാനമാക്കിയുള്ള സോയിൽ ടെസ്റ്റിംഗ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും നിലവിലെ പാലത്തിന് സമീപമായി പുതിയ പാലത്തിനുള്ള ഡിസൈനും പ്ലാനും തയ്യാറാക്കുകയും ചെയ്തിരുന്നു.
മുൻപ് 32 കോടി രൂപ അനുവദിച്ചിരുന്ന മൂവാറ്റുപുഴ നഗര റോഡ് വികസനത്തിനാണ് ഇപ്പോൾ ഔട്ടർ ലൊക്കേഷൻ അടക്കം 53.6 കോടി രൂപ വരെ ആക്കി ഉയർത്തിയ റിവൈസ്ഡ് പ്രോജക്ടിന് എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
തിരുവിതാംകൂർ രാജഭരണകാലത്ത് ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലമായിരുന്നു മൂവാറ്റുപുഴ നഗരത്തിലെ നിലവിലുള്ള പഴയ പാലം. ഇതിന് സമാന്തരമായിട്ട് 46 വർഷങ്ങൾക്കു മുൻപാണ് മറ്റൊരു 2 ലൈൻ പാലം കൂടി നിർമിക്കപ്പെട്ടത്.
പുതിയതായി ഒരു പാലം കൂടി വരുന്നതോടെ മൂവാറ്റുപുഴയിലെ ഗതാഗതക്കുരുവിന് വലിയൊരു പരിഹാരമാകുമെന്ന് ആശ്വാസത്തിലാണ് മൂവാറ്റുപുഴയിലെ ജനങ്ങൾ.
മൂവാറ്റുപുഴ നഗര വികസനം പൂർത്തിയാകുന്നതോടെ മൂവാറ്റുപുഴയുടെ മുഖച്ഛായ മാറും എന്നും, ഗതാഗത ബ്ലോക്കുകളാൽ വലയുന്ന മൂവാറ്റുപുഴ നഗരത്തിന് ഇതോടെ ശാപമോക്ഷം ലഭിക്കുമെന്നും, കൂടുതൽ മികച്ച മൂവാറ്റുപുഴയ്ക്കായി ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും എംഎൽഎ പറഞ്ഞു.